ഓണവിഭവങ്ങളുമായി അകമ്പടിത്തോണി യാത്ര തുടങ്ങി
1588783
Tuesday, September 2, 2025 11:24 PM IST
കോട്ടയം: തിരുവോണത്തോണിയുടെ അകമ്പടിത്തോണിയായി ചുരുളന്‍ വള്ളത്തിലേറി അനൂപ് നാരായണ ഭട്ടതിരി യാത്ര പുറപ്പെട്ടു. തിരുവാറന്മുളയപ്പനു തിരുവോണനാളിലേക്കുള്ള വിഭവങ്ങളുമായി ഉത്രാടസന്ധ്യക്കു കാട്ടൂര്‍ ക്ഷേത്രക്കടവില്‍നിന്നും തിരുവോണത്തോണിയേറുന്നതിന് മുന്നോടിയായ യാത്രയ്ക്ക് ഇതോടെ തുടക്കമായി. ഇന്നലെ ഉച്ചയ്ക്ക് 12നു കുമാരനല്ലൂര്‍ മാങ്ങാട്ടില്ലക്കടവില്നിന്നും ഭക്തിയും പാരമ്പര്യവും ഇഴചേര്‍ന്ന അന്തരീക്ഷത്തിലായിരുന്നു യാത്ര. തിരുവാറന്മുളയപ്പന്റെ സന്നിധിയിലേക്ക് വള്ളം തുഴഞ്ഞു തുടങ്ങുമ്പോള്‍ വായ്ക്കുരവ ഉയര്‍ന്നു.
യാത്രയ്ക്കു മുന്നോടിയായി രാവിലെ അനൂപ് നാരായണ ഭട്ടതിരി കുമാരനല്ലൂര്‍ ക്ഷേത്രദര്‍ശനം നടത്തി ചതുശതം പായസനിവേദ്യം കഴിച്ചു. തുടര്‍ന്ന് യാത്രയ്ക്ക് അമ്മയുടെ അനുജ്ഞ നേടി ഇല്ലത്തേക്ക് എത്തി. ഭഗവത് സന്നിധിയില്‍ തൊഴുത് പ്രാര്‍ഥിച്ചു. വിദ്യാസാഗര്‍ വൈലോപ്പള്ളി, വിനു എം. നായര്‍, സുധീഷ് ആര്. നായര്‍ എന്നീ തുഴച്ചില്ക്കാരോടൊപ്പമാണ് ഭട്ടതിരിയുടെ ആറന്മുളയാത്ര.
ഉത്രാടദിവസമായ നാളെ അദ്ദേഹം കാട്ടൂരിലെത്തും. കാട്ടൂര്‍ മഹാവിഷ്ണുക്ഷേത്രത്തില്‍ വൈകുന്നേരത്തെ പൂജ കഴിഞ്ഞ് ഭദ്രദീപവും കരക്കാര് ഒരുക്കുന്ന ഓണവിഭവങ്ങളുമായി രാത്രി തിരുവോണത്തോണിയില്‍ ആറന്മുളയിലേക്ക് തിരിക്കും. കാട്ടൂരില്‍നിന്നും 18 ദേശവഴിക്കാരുടെ പള്ളിയോടങ്ങള്‍ അകമ്പടിയാകും. നെല്ലുകുത്തിയെടുത്ത പുന്നെല്ലരി ഉള്‍പ്പെടെയുള്ളവയാണ് തോണിയില്‍ കയറ്റുക.
തിരുവോണനാളില്‍ പുലര്‍ച്ചെ ആറന്മുള ക്ഷേത്രക്കടവില്‍ തോണിയെത്തും. ഭട്ടതിരി ഓണവിഭവങ്ങള്‍ ഭഗവാന് സമര്‍പ്പിക്കും. തിരുവോണ ദിവസം ആറന്മുള ക്ഷേത്രത്തില്‍ നടക്കുന്ന എല്ലാ ചടങ്ങുകളിലും പങ്കെടുത്ത് അത്താഴപൂജ കഴിഞ്ഞ് ചെലവുമിച്ചം പണക്കിഴി ഭണ്ഡാരത്തില് നിക്ഷേപിച്ച് നിയോഗം പൂര്‍ത്തിയാക്കി കുമാരനല്ലൂരിലേക്ക് മടങ്ങും.