ഓണവിപണികൾ ഉണർന്നു
1588742
Tuesday, September 2, 2025 11:23 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഓണവിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് സ്റ്റനിസ്ലാവോസ് വെട്ടിക്കാട്ട് നിര്‍വഹിച്ചു. ബാങ്ക് ഭരണസമിതിയംഗങ്ങളായ തോമസുകുട്ടി ഞള്ളത്തുവയലില്‍, റ്റോജി വെട്ടിയാങ്കല്‍, സെക്രട്ടറി ഷൈജു ഫ്രാന്‍സിസ് കുളക്കുടി എന്നിവര്‍ പ്രസംഗിച്ചു.
കേരള സര്‍ക്കാരിന്റെ ആഭിമുഖ്യത്തില്‍ കണ്‍സ്യൂമര്‍ ഫെഡറേഷൻ വഴി ലഭിച്ച സബ്സിഡി പലചരക്ക് സാമഗ്രികള്‍ ബാങ്കിന്റെ വിഴിക്കിത്തോട്, കാളകെട്ടി, തമ്പലക്കാട്, ആനക്കല്ല് ശാഖകൾ വഴി വിതരണം ചെയ്യും. ഭരണസമിതിയംഗങ്ങളായ എം.ജി. സാബു മുതുകാട്ടുവയലില്‍, ബ്ലെസി ബിനോയ് വട്ടവയലില്‍, രാജു തെക്കുംതോട്ടം, ദിലീപ് ചന്ദ്രന് പറപ്പള്ളില്‍, ബിജു ശൗര്യാംകുഴി തുടങ്ങിയവര്‍ നേതൃത്വം നല്കി.
കാഞ്ഞിരപ്പള്ളി കൃഷിഭവനും പഞ്ചായത്തും ചേർന്ന് നടത്തുന്ന ഓണവിപണി മിനി സിവില്‍ സ്റ്റേഷന് എതിര് വശത്തുള്ള പഞ്ചായത്ത് വക കെട്ടിടത്തിൽ ആരംഭിച്ചു. കടകളിലെ വിലയേക്കാൾ താഴ്ന്ന വിലയ്ക്ക് പച്ചക്കറികൾ, നാടൻ നാടന്‍ ഏത്തക്കുലകള്‍ എന്നിവ ലഭിക്കും. നാട്ടിലെ കര്‍ഷകരുടെ ഉത്പന്നങ്ങള്‍ ന്യായവില നല്കി വിഷരഹിത ഉത്പന്നങ്ങളാണ് വിപണനം നടത്തുന്നത്. കൂടാതെ സംസ്ഥാന ഹോര്ട്ടികോര്പ്പില്നിന്നു പച്ചക്കറികള്‍ എത്തുന്നുണ്ട്.
കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോളി മടുക്കക്കുഴി ഓണസമൃദ്ധിയുടെ ഉദ്ഘാടനവും ഓണ വിപണിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. തങ്കപ്പനും നിർവഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമി ഇസ്മയില്‍ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷക്കീലാ നസീര്‍, ഡാനി ജോസ്, കൃഷി ഓഫീസര്‍ ഡോ. എ.കെ. അര്‍ച്ചന, കൃഷി അസിസ്റ്റന്റമാരായ ജെ. ഷൈന്‍, രാജിത കെ. സുകുമാരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
പാറത്തോട് പഞ്ചായത്ത് കൃഷി ഭവന്റെ നേതൃത്വത്തിൽ കൃഷിഭവന്റെ മുന്നിലുള്ള ഓപ്പൺ മാർക്കറ്റിൽ ഓണവിപണി ആരംഭിച്ചു. പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശശികുമാർ വിപണി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സോഫി ജോസഫ് അധ്യക്ഷത വഹിച്ചു. കർഷകരിൽനിന്നു പച്ചക്കറികൾ വിപണി വിലയേക്കാൾ 10 ശതമാനം അധികം വില നൽകി സംഭരിച്ച് 30 ശതമാനം വരെ വിലക്കുറവിലാണ് വിൽക്കുന്നത്.