മന്ത്രി വാക്കു പാലിച്ചില്ല; ഓണത്തിനും കിട്ടില്ല നെല്ലുവില
1588514
Tuesday, September 2, 2025 12:10 AM IST
കോട്ടയം: നെല്ലിന്റെ വില ഓണത്തിന് മുന്‍പ് കര്‍ഷകര്‍ക്കു വിതരണം ചെയ്യുമെന്ന് കൃഷിമന്ത്രി നല്കിയ ഉറപ്പ് പാഴ്വാക്കായി.
ഇക്കൊല്ലം ഫെബ്രുവരി മുതല്‍ മേയ് വരെ സപ്ലൈകോ വഴി മില്ലുകള്‍ക്ക് കൈമാറിയ നെല്ലിന്റെ വിലയാണ് ആറു മാസം കഴിഞ്ഞിട്ടും കര്‍ഷകരുടെ അക്കൊണ്ടുകളില്‍ ലഭിക്കാത്തത്.
മില്ലുകാര്‍ കുത്തി തിരികെ കൊടുക്കും എന്ന പേരില്‍ വാങ്ങിയ നെല്ല് വിവിധ അരി കമ്പനികള്‍ അവരുടെ ബ്രാന്‍ഡില്‍ വിപണിയില്‍ വില്‍ക്കുന്നുണ്ട്. കിലോയ്ക്ക് 28.20 രൂപ നിരക്കില്‍ വിറ്റ നെല്ല് കിലോയ്ക്ക് 55 രൂപ നിരക്കില്‍ അരിയായി വാങ്ങി ഓണം ഉണ്ണേണ്ട ഗതികേടിലാണ് കര്‍ഷകര്‍.
സ്റ്റേറ്റ് ബാങ്കും കാനറ ബാങ്കുമാണ് പണം വിതരണം ചെയ്യാനുള്ള കണ്‍സോര്‍ഷ്യത്തിലുള്ളത്. സര്‍ക്കാര്‍ അനുവദിക്കുന്ന തുച്ഛമായ ഫണ്ടില്‍നിന്ന് കര്‍ഷകര്‍ക്ക് പണം നല്‍കാനാവില്ലെന്നാണ് ബാങ്കുകാര് പറയുന്നത്.
ആറും മാസം മുന്‍പ് സപ്ലൈകോ നല്കിയ പാഡി രസീത് ബാങ്കുകളെ ഏല്‍പ്പിച്ച കര്‍ഷകര്‍ പണത്തിനായി കാത്തിരിപ്പു തുടരുകയാണ്. നിലവിലെ സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ഓണത്തിന് നെല്ലുവില ലഭിക്കില്ല.