ഏറ്റുമാനൂർ സഹകരണ ബാങ്ക് എക്സലൻസ് അവാർഡ് വിതരണം നാളെ
1588580
Tuesday, September 2, 2025 2:43 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക് എക്സലൻസ് അവാർഡ് വിതരണം നാളെ നടക്കും. വൈകുന്നേരം അഞ്ചിന് വ്യാപാര ഭവൻ ഓഡിറ്റോറിയത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി . സതീശൻ ഉദ്ഘാടനം ചെയ്യും.
ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കൻ അധ്യക്ഷത വഹിക്കും. വിദ്യാഭ്യാസ-കല-കായികരംഗത്ത് മികവ് തെളിയിച്ച ബാങ്ക് അംഗങ്ങളുടെയും ജീവനക്കാരുടെയും മക്കൾക്കും നഗരസഭാ പരിധിയിൽപ്പെട്ട എല്ലാ സ്കൂളുകളിലെയും നാല്, ഏഴ് ക്ലാസുകളിൽ ഉയർന്ന മാർക്ക് വാങ്ങിയ കുട്ടികൾക്കുള്ള അവാർഡുകളും എൻഡോവ്മെന്റുകളും സമ്മാനിക്കും.
ഏറ്റുമാനൂർ സർവീസ് സഹകരണ ബാങ്ക്, കോഴിക്കോട് എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്കും ചേർന്നു നടപ്പിലാക്കിയിട്ടുള്ള സൗജന്യ കാൻസർ ചികിത്സാ പദ്ധതിയായ മാസ് കെയറിന്റെ ഭാഗമാകുന്നതിന്റെ ധാരണാപത്രം എംവിആർ കാൻസർ സെന്റർ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സി.എൻ. വിജയകൃഷ്ണന് ബാങ്ക് പ്രസിഡന്റ് ബിജു കുമ്പിക്കൻ കൈമാറും.
ബാങ്ക് അംഗവും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്നോളജി പ്രൊ വൈസ് ചാൻസലറുമായ പ്രഫ. കുരുവിള ജോസഫ് പെരിങ്ങാട്ടിനെ യോഗത്തിൽ ആദരിക്കും. നഗരസഭാ ചെയർപേഴ്സൺ ലൗലി ജോർജ്, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എം. രാധാകൃഷ്ണൻ, ഫിൽസൺ മാത്യൂസ്, പി.പി. സലിം തുടങ്ങിയവർ പ്രസംഗിക്കും.