മണര്‍കാട് കത്തീഡ്രലിൽ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി
1588602
Tuesday, September 2, 2025 2:43 AM IST
മണര്‍കാട്: ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായ മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലിലെ എട്ടുനോമ്പ് പെരുന്നാളിനു കൊടിയേറി. യാക്കോബായ സുറിയാനി സഭയുടെ സുന്നഹദോസ് സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ ഡോ. തോമസ് മാര്‍ തീമോത്തിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ പ്രാര്ഥനയ്ക്കുശേഷമാണ് കൊടിമരം ഉയര്‍ത്തിയത്.
കുറിയാക്കോസ് കോര്‍എപ്പിസ്കോപ്പ കറുകയില്‍, മാത്യു കോര്‍എപ്പിസ്കോപ്പ മണവത്ത്, ഫാ.എം.ഐ. തോമസ് മറ്റത്തില്‍, ഫാ. ഗീവര്‍ഗീസ് നടുമുറിയല്‍, ഫാ. കുര്യന് വടക്കേപറമ്പില്‍, ഫാ. സനോജ് കരോട്ടെക്കുറ്റ്, ഫാ. ലിറ്റു തണ്ടാശേരില്‍ എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു.
അരീപ്പറമ്പ് പാതയില്‍ പി.എ. കുരുവിളയുടെ ഭവനാങ്കണത്തില്‍നിന്നു നിലംതൊടാതെ വെട്ടിയെടുത്ത കൊടിമരം വാദ്യമേളങ്ങളുടെ അകമ്പടിയോടെ കത്തീഡ്രലില്‍ എത്തിച്ചു. ആര്‍പ്പുവിളികളോടെ കരോട്ടെ പള്ളിക്ക് ചുറ്റും ഒരുതവണയും കത്തീഡ്രല്‍ പള്ളിക്ക് ചുറ്റും മൂന്നുതവണയും വിശ്വാസസമൂഹം കൊടിമരവുമായി വലംവച്ചശേഷം കല്‍ക്കുരിശിനു സമീപം എത്തിച്ചു.
കൊടിമരം ചെത്തിമിനുക്കി പച്ചിലകള്‍കൊണ്ടും കൊടിതോരണങ്ങള്‍കൊണ്ടും അലങ്കരിച്ചു. ഇടവകയിലെ മുതിര്‍ന്ന അംഗം സി.എം. ജേക്കബ് ചെമ്മാത്ത് കൊടിമരത്തില്‍ കൊടി കെട്ടി. മെത്രാപ്പോലീത്തായുടെയും വൈദികരുടെയും നേതൃത്വത്തില്‍ പ്രാര്‍ഥനകള്‍ക്കുശേഷം കൊടിമരം ഉയര്‍ത്തി. തുടര്‍ന്ന് കരോട്ടെ പള്ളിയിലെ കൊടിമരത്തിലും കൊടി ഉയര്‍ത്തി.