അകലക്കുന്നത്ത് ജല്‍ ജീവന് മിഷന് പദ്ധതി പൂര്‍ത്തീകരിച്ച് നാടിന് സമര്‍പ്പിച്ചു
1588978
Wednesday, September 3, 2025 7:15 AM IST
അകലക്കുന്നം: പഞ്ചായത്തിലെ വീടുകളില്‍ ശുദ്ധജലമെത്തിക്കുന്നതിനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പിലാക്കിയ ജല്‍ ജീവന് മിഷന് പദ്ധതി പൂര്‍ത്തീകരിച്ച് നാടിനു സമര്‍പ്പിച്ചു. ജൽ ജീവന് മിഷന് പദ്ധതിയുടെ ആരംഭത്തില്‍ 23.5 കോടിയും തുടര്‍ന്ന് 22.12 കോടി രൂപയുടെ ഭരണാനുമതിയും പദ്ധതിക്കായി ലഭിച്ചു.
മൂന്ന് പാക്കേജുകളിലായി പൂവത്തിളപ്പ്-ചെങ്ങളം സോണ്‍, കരിമ്പാനി സോണ്‍, പാദുവ മേമലക്കുന്ന് സോണ്‍ എന്നിങ്ങനെ മൂന്ന് ടെന്‍ഡറുകള്‍ നല്കി 225 കിലോമിറ്റര്‍ പൈപ്പ്ലൈന് സ്ഥാപിച്ചു. ഈ പൈപ്പ് ലൈനിലൂടെ 3,345 കുടിവെള്ള കണക്ഷനുകളും നല്കി. പഞ്ചായത്തിലെ ഇലവനാല്‍ കുന്നിലും മേമലക്കുന്നിലും രണ്ടു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉപരിതല സംഭരണിയും കരിമ്പാനിയിലും ചെങ്ങളത്തും മൂന്നു ലക്ഷം ലിറ്റര്‍ ശേഷിയുള്ള ഉന്നതതല സംഭരണിയും ഇടമുളയില്‍ പുതിയ പമ്പും പമ്പ് ഹൗസും പദ്ധതിക്കായി നിര്‍മിച്ചിട്ടുണ്ട്.
അകലക്കുന്നം പഞ്ചായത്ത് ഹാളില്‍ നടന്ന സമ്മേളനത്തില്‍ മന്ത്രി റോഷി അഗസ്റ്റിന് പദ്ധതി നാടിന് സമര്‍പ്പിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് സിന്ധു അനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്തുക്കുട്ടി ഞായര്‍കുളം, ഡിസ്ട്രിക് വാട്ടര്‍ ആൻഡ് സാനിറ്റേഷന്‍ മിഷന് മെംബര്‍ സെക്രട്ടറി അനില്‍ രാജ്, ഷാജി പാമ്പൂരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബെറ്റി റോയി മണിയങ്ങാട്ട്, പഞ്ചായത്ത് അംഗങ്ങളായ ശ്രീലതാ ജയന്, ജേക്കബ് തോമസ്, ജാന്‍സി, ഫാ. ഫ്രാന്‍സിസ് ഇടത്തനാല്‍, മുഹമ്മദ് ഷാഹി എന്നിവരെ ചടങ്ങില്‍ ആദരിച്ചു.