പരിശുദ്ധ അമ്മ ഒരു പ്രേഷിതയാണ്: മാര്‍ ജോസ് പുളിക്കല്‍
1589266
Thursday, September 4, 2025 11:40 PM IST
കാഞ്ഞിരപ്പള്ളി: പരിശുദ്ധ അമ്മ ഒരു പ്രേഷിതയാണെന്ന് കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാര്‍ ജോസ് പുളിക്കല്‍. കാഞ്ഞിരപ്പള്ളി രൂപത വിശ്വാസജീവിത പരിശീലനത്തിന്റെ ഭാഗമായി നടത്തിയ മരിയന്‍ തീർഥാടനത്തിൽ സന്ദേശം നൽകുകയായിരുന്നു മാർ പുളിക്കൽ. അമ്മയില്‍ വിളങ്ങിയിരുന്ന സുകൃതങ്ങളാണ് സ്നേഹം, ത്യാഗം, സേവനം,സഹനം. ഈ സുകൃതങ്ങള്‍ നമ്മുടെ ജീവിതത്തിലും പകര്‍ത്തി അമ്മയെ അനുകരിക്കുന്നവരും അനുഗമിക്കുന്നവരും വിശ്വാസത്തിന് സാക്ഷികളുമായി നമുക്ക് മാറാം. മിഷന്‍ലീഗിന്റെ മധ്യസ്ഥര്‍ നമുക്ക് നല്കുന്ന സന്ദേശവും ഇതുതന്നെയാണെന്നും മാര്‍ ജോസ് പുളിക്കല്‍ കൂട്ടിച്ചേർത്തു.
വിശ്വാസപരിശീലനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന ലോറേഞ്ച് മേഖലയിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികള്‍ക്കായി ഒരുക്കിയ തീർഥാടനം രാവിലെ 9.30ന് കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കത്തീഡ്രലിൽ വിശുദ്ധ കുര്‍ബാനയോടുകൂടി ആരംഭിച്ചു. തുടര്‍ന്ന് പഴയപള്ളിയിലേക്ക് ജപമാല പ്രാർഥനയോടുകൂടി മരിയൻ റാലി നടത്തി. തീർഥാടനത്തിന് രൂപത വിശ്വാസപരിശീലനകേന്ദ്രം ഡയറക്ടര്‍ ഫാ. തോമസ് വാളന്മനാല്, മിഷന് ലീഗ് അസിസ്റ്റന്റ് ഡയറക്ടര്‍ ഫാ. ബോബി വേലിക്കകത്ത്, രൂപതാ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ നേതൃത്വം നല്കി.