ദൈവത്തിന്റെ വാക്ക് പാലിക്കുന്നവരായിരിക്കണം: കർദിനാൾ മാർ ജോർജ് ആലഞ്ചേരി
1589267
Thursday, September 4, 2025 11:40 PM IST
കാഞ്ഞിരപ്പള്ളി: ദൈവത്തിന്റെ വാക്ക് പാലിക്കുന്നവരായിരിക്കണം നാമെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി. സീറോ മലബാർ മേജർ ആർക്കി എപ്പിസ്കോപ്പൽ തീർഥാടന കേന്ദ്രമായ കാഞ്ഞിരപ്പള്ളി പഴയപള്ളിയിൽ എട്ടുനോന്പ് തിരുനാളിനോടനുബന്ധിച്ച് വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു മാർ ജോർജ് ആലഞ്ചേരി.
ദൈവം നൽകിയിട്ടുള്ള രക്ഷയുടെ സന്ദേശം സ്വീകരിക്കുകയും ആ സന്ദേശത്തിനനുസരിച്ച് ലഭിക്കുന്ന ഉത്തരവാദിത്വങ്ങൾ നിറവേറ്റുകയും ചെയ്യുന്പോൾ നാം ദൈവഹിതം നിറവേറ്റുകയാണ്.
കുടുംബത്തിൽ മാതാപിതാക്കൾ ദൈവസന്നിധിയിൽ പരിശുദ്ധ അമ്മയെപ്പോലെ നിൽക്കുന്നവരാകണം. പരിശുദ്ധ അമ്മ സഭയുടെ മാതാവാണ്. ഇതിലൂടെ സഭാമക്കളുടെ മാതാവായിത്തീർന്നു. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന ക്രൈസ്ത ജീവിതം നയിക്കാനായി നമുക്ക് അനുദിനം പരിശ്രമിക്കാമെന്നും മാർ ജോർജ് ആലഞ്ചേരി കൂട്ടിച്ചേർത്തു.
ഏഴിന് വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി രൂപത മുൻ ബിഷപ് മാർ മാത്യു അറയ്ക്കലും എട്ടിന് വൈകുന്നേരം 4.30ന് കാഞ്ഞിരപ്പള്ളി ബിഷപ് മാർ ജോസ് പുളിക്കലും വിശുദ്ധ കുർബാന അർപ്പിച്ച് സന്ദേശം നൽകും.