വിശാല കുറവിലങ്ങാട് മാതൃഭക്തിയുടെ വിളനിലം: റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ
1588744
Tuesday, September 2, 2025 11:23 PM IST
കുറവിലങ്ങാട്: വിശാല കുറവിലങ്ങാട് മാതൃഭക്തിയുടെ വിളനിലമാണെന്ന് കത്തോലിക്ക കോൺഗ്രസ്, വിശ്വാസപരിശീലനകേന്ദ്രം രൂപത ഡയറക്ടർ റവ.ഡോ. ജോർജ് വർഗീസ് ഞാറക്കുന്നേൽ പറഞ്ഞു. കുറവിലങ്ങാട് മേജർ ആർക്കിഎപ്പിസ്കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർഥാടന കേന്ദ്രത്തിൽ എട്ടുനോമ്പാചരണത്തോടനുബന്ധിച്ച് വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. പരിശുദ്ധ ദൈവമാതാവ് സുവിശേഷം ജീവിച്ച വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു.
നാളെ വാഹനവെഞ്ചരിപ്പ് ദിനമാണ്. കാളികാവ് സെന്റ് സെബാസ്റ്റ്യൻസ് ഇടവകയിൽനിന്നുള്ള തീർഥാടനം നടക്കും.
മുട്ടുചിറയിൽനിന്ന്
തീർഥാടന പദയാത്ര
കുറവിലങ്ങാട്: മുട്ടുചിറയിൽനിന്ന് മുത്തിയമ്മയ്ക്കരികിലേക്ക് തീർഥാടക പദയാത്രയെത്തി. മുട്ടുചിറ ഫൊറോനയിലെ കാഞ്ഞിരത്താനം, വാലാച്ചിറ, ജയ്ഗിരി, അൽഫോൻസാപുരം, ഫാത്തിമാപുരം, മലപ്പുറം ഇടവകകളിൽനിന്നുള്ള തീർഥാടകരാണ് ഫൊറോനാതലത്തിൽ സംഗമിച്ചെത്തിയത്.
പനങ്കുഴയ്ക്കൽ വല്യച്ചൻ സ്മാരക പാർക്കിൽ നടന്ന ആരംഭപ്രാർഥനകൾക്ക് കാഞ്ഞിരത്താനം പള്ളി വികാരി ഫാ. ജയിംസ് വയലിൽ കാർമികത്വം വഹിച്ചു. ജയ്ഗിരി ക്രിസ്തുരാജ് പള്ളി വികാരി ഫാ. തോമസ് മലയിൽപുത്തൻപുരയിൽ വിശുദ്ധ കുർബാനയർപ്പിച്ചു. മുട്ടുചിറ ഫൊറോന അസി. വികാരി ഫാ. ആന്റണി ഞരളക്കാട്ട് സന്ദേശം നൽകി.
ഫൊറോന വികാരി ഫാ. ഏബ്രഹാം കൊല്ലിത്താനത്തുമലയിൽ, അസി. വികാരി ഫാ. മാത്യു വാഴചാരിക്കൽ, കൈക്കാരന്മാർ എന്നിവർ നേതൃത്വം നൽകി. തീർഥാടക സംഘത്തെ കുറവിലങ്ങാട് മുത്തിയമ്മയുടെ തിരുസ്വരൂപം നൽകി ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി സ്വീകരിച്ചു.
രാമപുരത്തുനിന്ന് ഇന്ന്
കുറവിലങ്ങാട്: എട്ടുനോമ്പിലെ മൂന്നാംദിനമായ ഇന്ന് രാമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോന ഇടവകയിൽ നിന്നുള്ള തീർഥാടകർ മുത്തിയമ്മയ്ക്കരികിലെത്തും. ഇന്ന് 10.30നാണ് തീർഥാടനം. തുടർന്ന് രാമപുരം ഫൊറോന വികാരി ഫാ. ബെർക്കുമാൻസ് കുന്നുംപുറം വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.
ഉച്ചകഴിഞ്ഞ് 3.15ന് ഇടവകയിലെ വിവിധ സംഘടനകളിലെ അംഗങ്ങൾ ജൂബിലി കപ്പേളയിൽ സംഗമിച്ച് തീർഥാടനമായി പള്ളിയിലെത്തും. അഞ്ചിന് ഭരണങ്ങാനം വിശുദ്ധ അൽഫോൻസാ തീർഥാടനകേന്ദ്രം റെക്ടർ റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കപ്പറമ്പിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.