നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ ദയാവധത്തിന് വിധിക്കരുത്: തിരുവഞ്ചൂര്‍
1588981
Wednesday, September 3, 2025 7:15 AM IST
കോട്ടയം: നിര്‍മാണത്തൊഴിലാളികളുടെ ഏക പ്രതീക്ഷയായ 1990ല്‍ രൂപീകൃതമായി 20 ലക്ഷം തൊഴിലാളികള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ക്ഷേമനിധിയായ നിര്‍മാണത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിനെ ദയാവധത്തിന് വിധിക്കരുതെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കളക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു തിരുവഞ്ചൂര്‍.
കഴിഞ്ഞ 16 മാസമായി പെന്ഷന് കുടിശികയാണ്. ചികിത്സാ സഹായം, മരണാനന്തര സഹായം ഉള്‍പ്പെടെ യാതൊന്നും നല്‍കുന്നില്ല. പകുതിയിലധികം തൊഴിലാളികള്‍ അതുകൊണ്ടുതന്നെ ഈ വര്‍ഷം അംഗത്വം പുതുക്കിയിട്ടുമില്ല.
കുടിശികയായ ആനുകൂല്യങ്ങള്‍ കൊടുത്തു തീര്‍ക്കണമെങ്കില്‍ 1500 കോടി രൂപയെങ്കിലും ആവശ്യമാണ്. മുടങ്ങിക്കിടക്കുന്ന ആനുകൂല്യങ്ങള്‍ കുടിശിക തീര്‍ത്ത് നല്‍കുക, പെന്ഷന് കുടിശിക അനുവദിക്കുക, പെന്ഷന് 5000 രൂപയാക്കുക, മറ്റ് ആനുകൂല്യങ്ങള്‍ കാലോചിതമായി പരിഷ്കരിക്കുക, നിര്‍മാണസാമഗ്രികളുടെ അനിയന്ത്രിതമായ വിലക്കയറ്റം തടയുക, ലഭ്യത ഉറപ്പുവരുത്തുക, നിത്യോപയോഗ സാധനങ്ങളുടെ വിലനിലവാരം പിടിച്ചുനിര്‍ത്തുക, ക്ഷേമനിധി ബോര്‍ഡിനെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ഉന്നയിച്ചത്.
ജില്ലാ പ്രസിഡന്റ് വി.ജെ. ജോസ് അധ്യക്ഷത വഹിച്ചു. കുഞ്ഞ് ഇല്ലംപള്ളി, തോമസ് കല്ലാടന്‍, ബൈജു മാറാട്ടുകുളം, എം.പി. സന്തോഷ്കുമാര്‍, എസ്. രാജീവ്, സാബു മാത്യു, സക്കീര്‍ ചങ്ങംപള്ളി, റേച്ചല്‍ ജേക്കബ്, എന്‍.കെ. നാരായണന് കുട്ടി എന്നിവര്‍ പ്രസംഗിച്ചു.