ആരോഗ്യസദ്യയൊരുക്കി മേരിക്വീൻസ് മിഷൻ ആശുപത്രി
1589264
Thursday, September 4, 2025 10:47 PM IST
കാഞ്ഞിരപ്പളളി: തിരുവോണദിവസംപോലും വിശ്രമമില്ലാതെ നാടിന്റെയും നാട്ടുകാരുടെയും നല്ല ആരോഗ്യത്തിനായി അക്ഷീണം പ്രവർത്തിക്കുന്ന ആരോഗ്യപ്രവർത്തകർക്ക് ഓണസദ്യയൊരുക്കി കാഞ്ഞിരപ്പളളി മേരിക്വീൻസ് മിഷൻ ആശുപത്രിയുടെ ഓണാഘോഷം. മേരിക്വീൻസ് കുടുംബാംഗങ്ങൾക്കായി ഒരുക്കിയ ഓണക്കളികളും ആവേശമുയർത്തിയ വടംവലിയും ആദ്യദിവസത്തെ ഓണാഘോഷത്തിന് നിറംപകർന്നപ്പോൾ രണ്ടാം ദിനം മുപ്പത്തിമൂന്നോളം വിഭവങ്ങളുമായി ഒരുക്കിയ ഓണസദ്യ ശ്രദ്ധേയമായി.
കൂടാതെ ഓണത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള സംഗീതരാവും മേരിക്വീൻസിന്റെ ഓണാഘോഷചടങ്ങുകൾക്ക് കൂടുതൽ മിഴിവേകി. ജോലിയുടെ ഭാഗമായി പലപ്പോഴും ഓണസദ്യ കഴിക്കാൻ സാധിക്കാത്ത ആരോഗ്യപ്രവർത്തകർക്ക് സദ്യയൊരുക്കുകയെന്ന ആശയം വന്നപ്പോൾ അറുനൂറിൽ അധികം വരുന്ന ജീവനക്കാർക്കായി ആ വെല്ലുവിളി ഏറ്റെടുത്ത് മേരിക്വീൻസ് മിഷൻ ആശുപത്രിയുടെ സ്വന്തം ഫുഡ് ആൻഡ് ബിവറേജസ് വിഭാഗമായ സിംഫണിയാണ് ഇത്തവണ സദ്യയൊരുക്കിയത്.
ആശുപത്രിയുടെ ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്ററും സിഎംഐ കാർമൽ ഹൗസ് ആൻഡ് പ്രശാന്ത് ഭവന്റെ പ്രീഫെക്ടുമായ ഫാ. മാർട്ടിൻ മണ്ണനാലിന്റെ മേൽനോട്ടത്തിൽ നടത്തുന്ന മേരിക്വീൻസ് ഫാമിൽനിന്നുള്ള ഏത്തക്കുലകളും ചേനയും പാവയ്ക്കയും പയറുമടക്കുള്ള പച്ചക്കറികളും കൂടാതെ സമീപസ്ഥലങ്ങളിൽനിന്നും ലഭ്യമായ നാടൻ പച്ചക്കറികളും സദ്യയുടെ ഭാഗമായി.
പായസപ്രേമികൾക്കായി മാമ്പഴപ്പായസം, പരിപ്പ് പായസം, പാലട പ്രഥമൻ, ചെറുപയർ പായസം, ഗോതമ്പ് പായസം, ബോളിയും പായസവും അടക്കമുള്ള വിഭവങ്ങൾ തിരുവോണം വരെയുള്ള എല്ലാ ദിവസവും സിംഫണിയിൽ ഒരുക്കുന്നുണ്ടെന്ന് അധികൃതർ പറഞ്ഞു.
ജീവനക്കാരും ക്ഷണിക്കപ്പെട്ട അതിഥികളും ഉൾപ്പെടെ എണ്ണൂറോളം പേർക്ക് സദ്യയൊരുക്കിയും ഹരിത പ്രോട്ടോക്കോൾ ഉപയോഗിച്ചും നടത്തിയ ഓണാഘോഷ ചടങ്ങുകൾക്ക് ഫിനാൻഷ്യൽ അഡ്മിനിസ്ട്രേറ്റർ ഫാ. മാർട്ടിൻ മണ്ണനാൽ സിഎംഐ, ജോയിന്റ് ഡയറക്ടർമാരായ ഫാ. തോമസ് മതിലകത്ത് സിഎംഐ, ഫാ. സിറിൾ തളിയൻ സിഎംഐ തുടങ്ങിയവർ മേൽനോട്ടം വഹിച്ചു.