മറൈന്‍ ഡ്രൈവില്‍ രാത്രികാല നിയന്ത്രണത്തിനെതിരേ പ്രതിപക്ഷം
1338681
Wednesday, September 27, 2023 2:23 AM IST
aകൊച്ചി: മറൈന്‍ ഡ്രൈവിലെ രാത്രികാല നിയന്ത്രണങ്ങള്‍ അനുവദിക്കാനാകില്ലെന്ന് പ്രതിപക്ഷം കൊച്ചി കോര്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ അറിയിച്ചു.
നഗരത്തിന്റെ ജീവിത നിലവാരം ഉയര്ത്തുംവിധമാണ് മറൈന്‍ഡ്രൈവിന്റെ മുഖം മിനുക്കല്‍. എന്നാല്‍ ഇതിനു കടകവിരുദ്ധമായ നടപടിയാണ് രാത്രികാല നിയന്ത്രണത്തോടെ സംഭവിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ ചൂണ്ടിക്കാട്ടി.
നിയമങ്ങളും നിര്‍ദേശങ്ങളും പഴയ തലമുറയെ മാത്രം ലക്ഷ്യമാക്കിയുള്ളതാണെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍ ഹെന്‍ട്രി ഓസ്റ്റിന്‍ പറഞ്ഞു. പുതുതലമുറയ്ക്ക് വേണ്ടി ഒന്നും ചെയ്യുന്നില്ലെന്നതിന്റെ ഉദാഹരണമാണ് ഇത്തരം നടപടികള്‍.
ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ഇപ്പോള്‍ യുവാക്കള്‍ ജോലി ചെയ്യുന്നത്. ഇവര്‍ക്ക് ഒഴിവ് സമയം കിട്ടുമ്പോഴാണ് മാനസിക ഉല്ലാസത്തിനായി മറൈന്‍ഡ്രൈവ് പോലുള്ള സ്ഥലങ്ങളിലെത്തുന്നത്. നിയന്ത്രണങ്ങള്‍ വരുന്നതോടെ ഇവരുടെ മാനസിക ഉല്ലാസത്തിനുള്ള വഴികളാണ് ഇല്ലാതാകുന്നതെന്നും അദ്ദേഹം പറഞ്ഞു.
മറൈന്‍ഡ്രൈവില്‍ അക്രമ സംഭവങ്ങൾ വര്ധിച്ചുവരുന്നത്തിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണമെന്ന് മേയര്‍ എം. അനില്‍കുമാര്‍ വിശദീകരിച്ചു. രാത്രി മഫ്തിയിലെത്തിയ ഡിസിപിയെപോലും ആക്രമിക്കുന്ന അവസ്ഥയുണ്ടായി. കൂടാതെ ഉച്ചത്തില്പാട്ട് വച്ച് ചുറ്റും താമസിക്കുന്നവര്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്യുന്ന സംഭവങ്ങളുമുണ്ട്.
ഇത് നിയന്ത്രിക്കാന്‍ പോലീസിന് കഴിയാതെ വന്നതിനാലാണ് ഒരു മാസത്തേക്ക് രാത്രികാല നിയന്ത്രണം നടപ്പാക്കാന്‍ തീരുമാനിച്ചതെന്ന് മേയര്‍ പറഞ്ഞു. നിയന്ത്രണം പിന്‍വലിക്കാൻ നഗരസഭയ്ക്ക് കഴിയില്ലെന്നും ജിസിഡിഎ ആണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കണ്ടതെന്നും മേയര്‍ പറഞ്ഞു.
നികുതി പ്രതിസന്ധിക്ക് കാരണം ഉദ്യോഗസ്ഥര്‍: മേയര്‍
കൊച്ചി: കെട്ടിട നികുതി പിരിക്കലുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം മുന്‍കാലത്തെ റവന്യൂ വിഭാഗം ഉദ്യോഗസ്ഥരാണെന്ന് മേയര്‍ എം. അനില്‍കുമാര്‍.
2016 മുതലുള്ള നികുതി വര്‍ധിപ്പിച്ച് ഈടാക്കാന്‍ 2019ല്‍ ഉത്തരവ് വന്നെങ്കിലും ഉദ്യോഗസ്ഥര്‍ ഇത് നടപ്പാക്കിയില്ല. ഇതോടെ കെട്ടിടങ്ങൾക്ക് ഏഴ് വര്‍ഷത്തെ കുടിശിക പിരിക്കാന്‍ നോട്ടീസ് നല്‍കേണ്ടിവന്നു.
ഇത് ഭീമമായ തുകയായതിനാല്‍ പലരും കോടതിയില്‍ പോയി. ഇത് നഗരസഭയുടെ വരുമാനത്തെ വലിയതോതില്‍ ബാധിച്ചതായും മേയര്‍ പറഞ്ഞു.
നഗരത്തില്‍ ബിഒടി കാമറകള്‍
കൊച്ചി: മാലിന്യം വലിച്ചെറിയുന്നത് തടയുന്നതിനായി നഗരത്തില്‍ ബിഒടി അടിസ്ഥാനത്തില്‍ 300 സിസിടിവി കാമറകള്‍ സ്ഥാപിക്കണമെന്ന് അജണ്ടയില്‍ ഒടുവില്‍ തീരുമാനം. കഴിഞ്ഞ രണ്ടു തവണയും പല കരണങ്ങള്‍ പറഞ്ഞു മാറ്റിവച്ച അജണ്ടയാണ് ഇന്നലെ അംഗീകരിച്ചത്. എന്നാല്‍ കരാര്‍ കാലാവധി പത്തുവര്‍ഷം നല്‍കുന്നതിനെ പ്രതിപക്ഷം എതിര്‍ത്തു.
കോഴിക്കോട് കോര്‍പറേഷനില്‍ കാമറകള്‍ സ്ഥാപിച്ചിട്ടുള്ള സതേണ്‍ ഇലക്ട്രോണിക്സ് ആന്‍ഡ് സെക്യൂരിറ്റി സിസ്റ്റംസ് എന്ന കമ്പനിക്കാണ് കരാര്‍. ഒരു കാമറയ്ക്ക് 84500 രൂപ ഏറ്റവും കുറഞ്ഞ വില വരും. പോലീസ് സേനയ്ക്ക് 150 കാമറകള്‍ നല്‍കും.
ആരോഗ്യകാര്യസമിതി നിര്‍ദേശിച്ച സ്ഥലങ്ങളില്‍ അവശേഷിച്ചവ സ്ഥാപിക്കും. സിഎസ്എംഎല്ലിന്റെ കീഴിലുള്ള എട്ടു ഡിവിഷനുകളിലാണ് പരസ്യബോര്‍ഡുകള്‍ വയ്ക്കുന്നത്. കരാര്‍ കാലാവധി കുറയ്ക്കുന്നതു സംബന്ധിച്ച് കമ്പനിയുമായി സംസാരിക്കുമെന്ന് മേയര്‍ പറഞ്ഞു.