ബോംബെ ഡൈയിംഗിന്റെ വ്യാജ ലോഗോ നിര്‍മിച്ച് വസ്ത്ര വില്പന : രണ്ടു പേര് അറസ്റ്റില്‍
1511618
Thursday, February 6, 2025 4:36 AM IST
കൊച്ചി: ബോംബെ ഡൈയിംഗ് ഉത്പന്നങ്ങളുടെ വ്യാജ ലോഗോ നിര്‍മിച്ച് വസ്ത്ര വില്പന നടത്തിയ രണ്ടുപേര്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശ് സ്വദേശികളായ മുഹമ്മദ് സഹിദ്(55), മുഹമ്മദ് ഉമര്‍(22) എന്നിവരെയാണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ബോംബെ ഡൈയിംഗ് കമ്പനിയുടെ പരാതിയിലാണ് നടപടി.
ഇന്നലെ കറുകപ്പള്ളി ജംഗ്ഷനിലായിരുന്നു സംഭവം. ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടി നേതാവിന്റെ ഉടമസ്ഥതയിലുള്ള വസ്ത്ര സ്ഥാപനത്തിലെ ജോലിക്കാരാണ് ഇരുവരും. ബോംബെ ഡൈയിംഗ് കമ്പനിയുടെ ലോഗോ, ലെറ്റര്‍ ഹെഡ് എന്നിവ സംഘം വ്യാജമായി നിര്‍മിക്കുകയായിരുന്നു.
ഈ ലോഗോ പതിച്ച ശേഷം കോറല്‍ വൈന്‍ എന്ന ബ്രാന്‍ഡിലുള്ള ബെഡ് ഷീറ്റ് 400 രൂപയ്ക്ക് വില്പന നടത്തുന്നതിനിടെയാണ് ഇവർ പോലീസിന്റെ പിടിയിലായത്. അതേസമയം ബോംബൈ ഡൈയിംഗിന് ഈ ബ്രാന്‍ഡിലുള്ള ബെഡ്ഷീറ്റ് ഇല്ല.
ആഴ്ചകള്‍ക്കു മുമ്പേ കൊച്ചിയിലെത്തിയ ഇരുവരും ഇവിടെ ലോഡ്ജില്‍ മുറിയെടുത്തു താമസിക്കുകയായിരുന്നു. ഇവര്‍ എത്തിയതിനു പിന്നാലെ ബെഡ് ഷീറ്റ്, കവര്‍, ലോഗോ എന്നിവ സംഘത്തിന് ഉത്തര്‍പ്രദേശില്‍ നിന്ന് കൊറിയറില്‍ അയയ്ക്കുകയായിരുന്നു. ഇതു മുറിയിലെത്തിച്ച് ബെഡ് ഷീറ്റില്‍ ലോഗോ പതിച്ച ശേഷം കവറിലാക്കി വില്പനയ്ക്ക് എത്തിക്കുകയായിരുന്നു. പ്രതികള്‍ക്കെതിരെ കോഴിക്കോടും ഉത്തര്‍പ്രദേശിലും സമാനരീതിയിലുളള തട്ടിപ്പിന് കേസുണ്ട്.