കാറിടിപ്പിച്ച് കൊല്ലാന്‍ ശ്രമം : വാഹനം കസ്റ്റഡിയില്‍, രണ്ടുപേര്‍ ഒളിവില്‍
1535592
Sunday, March 23, 2025 4:11 AM IST
കൊച്ചി: കലൂര്‍ എസ്ആര്‍എം റോഡില്‍ മദ്യലഹരിയില്‍ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ കാര്‍ പോലീസ് കസ്റ്റഡിയിലെടുത്തു. വാഹന പരിശോധനയ്ക്കിടെ വെള്ളിയാഴ്ച രാത്രിയിലാണ് വാഹനം പിടികൂടിയത്. ഒളിവില്‍ കഴിയുന്ന പ്രതികളുടെ നിര്‍ദേശ പ്രകാരം വാഹനം മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനിടെയാണ് പോലീസ് വാഹനം പിടികൂടിയത്.
സംഭവത്തില്‍ കാറില്‍ ഉണ്ടായിരുന്ന രണ്ടുപേരെ സ്റ്റേഷനിലെത്തിച്ച് പോലീസ് വിവരം ശേഖരിച്ചു. അതേസമയം കേസില്‍ അറസ്റ്റിലായ അഭിജിത്തിനൊപ്പം അപകടസമയത്ത് കാറില്‍ ഉണ്ടായിരുന്ന സനീഷും, അമര്‍നാഥും ഒളിവിലാണ്.
പ്രതികളുടെ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടന്നുവരികയാണ്. അപകടത്തില്‍ കലൂര്‍ സ്വദേശിയായ അഷ്വാദ് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. കാറിന്റെ ബോണറ്റില്‍ നിന്ന് റോഡരികിലേക്ക് തെറിച്ചുവീണ ഇയാളുടെ ഇടതു തോളിനും വലതു കാലിലെ വിരലിനും പരിക്കേറ്റിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെയിരുന്നു സംഭവം. അഭിജിത്തും സുഹൃത്തുക്കളും എസ്ആര്‍എം റോഡില്‍ വാടകയ്ക്ക് താമസിക്കുന്ന ഇവരുടെ പരിചയക്കാരുടെ വീട്ടില്‍ മദ്യപിച്ചെത്തിയത് ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ കൈയാങ്കളിക്കിടെ വാഹനത്തില്‍ രക്ഷപ്പെടാന്‍ അഭിജിത്ത് ശ്രമിക്കുമ്പോള്‍ അഷ്വാദ് കാറിന് മുന്നില്‍പ്പെടുകയായിരുന്നു.