റെയിൽവേ മേൽപ്പാലം അടഞ്ഞുതന്നെ : വലഞ്ഞ് പൊതുജനം
1535596
Sunday, March 23, 2025 4:30 AM IST
ആലുവ: പൊതുജനങ്ങളേയും വിദ്യാർഥികളേയും വലച്ച് ആലുവ റെയിൽവേ മേൽപ്പാലം അഞ്ച് മാസമായി അടഞ്ഞുതന്നെ. ഒരു മാസം കൊണ്ട് അറ്റകുറ്റപ്പണി നടത്തി തുറന്ന് കൊടുക്കുമെന്ന് റെയിൽവേ ഉറപ്പു നൽകിയ പദ്ധതിയാണ് ഒന്നും നടത്താതെ ജനങ്ങളെ കഷ്ടപ്പെടുത്തുന്നത്.
മിനിസിവിൽ സ്റ്റേഷൻ, ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ, ടെക്നിക്കൽ സ്കൂൾ, നേത്രാശുപത്രി എന്നിവിടങ്ങളിലേക്ക് പോകേണ്ട ആവശ്യക്കാരാണ് ദുരിതത്തിലായിരിക്കുന്നത്.
കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് മുന്നിൽ നിന്ന് റെയിൽവേ സ്റ്റേഷന് മുകളിലൂടെയുള്ള ഈ മേൽപ്പാലം കടന്നാൽ ഈ സ്ഥാപനങ്ങളിലേക്ക് എത്താനാകും. ഇപ്പോൾ 70 രൂപ വരെ ഓട്ടോറിക്ഷ ചാർജ് നൽകിയാണ് പലരും യാത്ര ചെയ്യുന്നത്.
രണ്ട് കിലോമീറ്റർ ചുറ്റി വരാനുള്ള ബുദ്ധിമുട്ട് കാരണം വിദ്യാർഥികൾ ആലുവ റെയിൽവേ സ്റ്റേഷനിൽ റെയിൽവേ പാളം മറികടന്ന് വരുന്നതായി അധ്യാപകർ പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി റെയിൽവേ പാളത്തിലൂടെ നടന്ന യുവാവിനെ കത്തി കാണിച്ച് പണം തട്ടിയെടുത്ത സംഭവ വുമുണ്ടായി.
മുന്നറിയിപ്പില്ലാതെ അറ്റകുറ്റപ്പണിക്കായി കഴിഞ്ഞ നവംബറിലാണ് നടപ്പാലം റെയിൽവേ അധികൃതർ അടച്ചത് ഫെബ്രുവരി 26 ലെ ശിവരാത്രിക്ക് മുമ്പേ അറ്റകുറ്റപ്പണി തീരുമെന്ന് കരുതിയെങ്കിലും പൂർത്തിയായില്ല.
എത്രയും വേഗം അറ്റകുറ്റപണികൾ പൂർത്തിയാക്കി ഫുട് ഓവർബ്രിഡ്ജ് തുറന്നു നൽകണമെന്ന് റെയിൽവേയോട് ആലുവ താലൂക്ക് വികസന സമിതിയും ആവശ്യപ്പെട്ടതാണ്.