സമുദ്രതീരത്ത് നിന്ന് പ്ലാസ്റ്റിക് നീക്കം ചെയ്യല്‍ : കൊച്ചി നഗരസഭ "നമ്പര്‍ വണ്‍'
1575225
Sunday, July 13, 2025 4:33 AM IST
കൊച്ചി: സമുദ്രതീരങ്ങളെ പ്ലാസ്റ്റിക് മാലിന്യം വിമുക്തമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ കാമ്പയിന്റെ ഭാഗമായി മികച്ച ശുചീകരണ പ്രവര്‍ത്തനം നടത്തിയതിന് കൊച്ചി കോര്പറേഷന് ഒന്നാം സ്ഥാനം. ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന "ശുചിത്വ സാഗരം സുന്ദര തീരം' പദ്ധതിയുടെ ഭാഗമായി ഏപ്രില്‍ 11 ന് സംസ്ഥാന വ്യാപകമായി നടത്തിയ പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞത്തിലെ മികവാര്‍ന്ന പ്രവര്‍ത്തനത്തിനാണ് കൊച്ചി കോര്പറേഷന് അംഗീകാരം നേടിയത്.
ഹരിതകര്‍മ സേന, കുടുംബശ്രീ എന്നിവരുടെയും സഹകരണത്തോടെ എറണാകുളം മത്സ്യഭവന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട്കൊച്ചി റിവര്‍ സൈഡ് റോഡ് മുതല്‍ മാനാശേരി വരെ ഏഴു കിലോമീറ്റര്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം നടത്തിയത്.
ഏഴു പോയിന്റുകളില്‍ നിന്നായി 2,419 കിലോഗ്രാം മാലിന്യം നീക്കം ചെയ്തു. രണ്ടു ബോട്ടില്‍ ബൂത്തുകള്‍ ഡിവിഷന് ഒന്നിലും ഡിവിഷന് 26 ലും സ്ഥാപിച്ചു.
മാലിന്യ നിര്‍മാര്‍ജന യജ്ഞത്തില്‍ കൊച്ചി കോര്‍പറേഷനുള്ള അവാര്‍ഡ് കൊട്ടാരക്കരയിലുള്ള, സൗപര്‍ണിക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഫിഷറീസ് മന്ത്രി സജി ചെറിയാനില്‍ ഡെപ്യൂട്ടി മേയര്‍ കെ.എ. അന്‍സിയ ഏറ്റുവാങ്ങി.