ചൂണ്ടി ജംഗ്ഷനിലെ കുഴികൾ; യൂത്ത് കോൺ. ശയനപ്രദക്ഷിണം നടത്തി
1575243
Sunday, July 13, 2025 4:45 AM IST
ആലുവ: മൂന്നാർ റോഡിൽ ചൂണ്ടി ജംഗ്ഷനിൽ കുഴികൾ അടക്കാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ശയന പ്രദക്ഷിണ സമരം നടത്തി. സമരത്തിന് പിന്നാലെ മെറ്റൽ നിറച്ച ചെറു ചാക്കുകൾ ഇട്ട് പൊതുമരാമത്ത് വകുപ്പ് കുഴികൾ താത്ക്കാലികമായി അടച്ചു.
ചൂണ്ടി ജംഗ്ഷനിൽ റോഡ് തകർന്നതിൽ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ആലുവ - മൂന്നാർ റൂട്ടിൽ ശയന പ്രദക്ഷിണ സമരം നടത്തിയത്.
എടത്തല മണ്ഡലം പ്രസിഡന്റ് എം.എം. സക്കീർ, കീഴ്മാട് മണ്ഡലം പ്രസിഡന്റ് അസർ മല്ലിശേരി, അബു കൊന്നത്തടി എന്നിവരാണ് ശയന പ്രദക്ഷിണം നടത്തിയത്. സംസ്ഥാന ജനറൽ സെക്രട്ടറി ലിന്റോ പി. ആന്റു പ്രതിഷേധം ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് പി.എച്ച്. അസ്ലം അധ്യക്ഷത വഹിച്ചു.
റോഡിലെ വലിയ ഗർത്തങ്ങളിൽ കെട്ടിക്കിടന്ന വെള്ളത്തിലാണ് ശയന പ്രദക്ഷിണ സമരം നടത്തിയത്. മഴ മാറിയാൽ ഉടനെ റീടാർ ചെയ്യാമെന്ന പിഡബ്ല്യുഡി ഉദ്യോഗസ്ഥരുടെ വാഗ്ദാനം പാഴ് വാക്കായി മാറിയെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. റോഡ് റീ ടാർ ചെയ്ത് ഉടൻ സഞ്ചാര യോഗ്യമാക്കിയില്ലെങ്കിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ടുപോകുമെന്ന് യൂത്ത് കോൺഗ്രസ് മുന്നറിയിപ്പ് നൽകി.
ഇതിനിടെ കഴിഞ്ഞ ദിവസം പന നട്ട് പ്രതിഷേധിച്ച കുഴികളിൽ പൊതുമരാമത്ത് വകുപ്പ് മെറ്റൽചാക്കുകൾ ഇട്ടു. കാലവർഷം തുടങ്ങിയ ശേഷം രണ്ടാം തവണയാണ് മെറ്റൽ ഇടുന്നത്. കഴിഞ്ഞ തവണ ഇട്ട മെറ്റലുകൾ ഏതാനും മണിക്കൂറുകൾ മാത്രമാണ് കുഴിയിൽ കിടന്നത്.
അതിനാൽ ഇത്തവണ ചെറിയ ചാക്കുകളിൽ മെറ്റൽ നിറച്ച ശേഷമാണ് ഇട്ടത്. എന്നാൽ ഇരുചക്ര യാത്രക്കാർക്ക് ഈ കുഴിയടയ്ക്കലും ഭീഷണിയായെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.