ശ്രീഹരി സുകേഷിന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നു: ഹൈബി ഈഡന്
1575228
Sunday, July 13, 2025 4:33 AM IST
കൊച്ചി: കാനഡയില്‍ മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ജന്മനാട്ടിലെത്തിക്കാനുള്ള ശ്രമം തുടരുന്നതായി ഹൈബി ഈഡന് എംപി അറിയിച്ചു. കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ ചുമതല വഹിക്കുന്ന ചിന്മോയ് നായികുമായി ഇതു സംബന്ധിച്ച് ആശയ വിനിമയം നടത്തി വരികയാണെന്നും ഹൈബി പറഞ്ഞു.
വിദേശകാര്യ വകുപ്പിന്റെയും കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെയും കാര്യക്ഷമമായ ഇടപെടലുകളിലൂടെ, നടപടി ക്രമങ്ങളുടെ കാലദൈര്‍ഘ്യം കുറച്ച് എത്രയും വേഗം മൃതദേഹം ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും അരികിലെത്തിത്തിക്കാന് കഴിയുമെന്നാണ് പ്രതീക്ഷ.
മൃതദേഹം എംബാം ചെയ്യുന്നതിന് ഫ്യൂണറല്‍ ഹോമിലേക്ക് മാറ്റിയിട്ടുണ്ട്. അടുത്ത ആഴ്ച ആദ്യം മൃതദേഹം കൊണ്ടുപോകുന്നതിനുള്ള വിമാനങ്ങള്‍ ബുക്ക് ചെയ്യാന്‍ ഫ്യൂണറല്‍ ഹോമിന് അറിയിപ്പ് നല്‍കിയിട്ടുണ്ടെന്ന് കോണ്‍സുലേറ്റ് ജനറല്‍ ഓഫ് ഇന്ത്യ ഓഫീസിലെ സാമൂഹിക ക്ഷേമ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന കോണ്‍സല്‍ ഗിരീഷ് ജുനേജ അറിയിച്ചതായും ഹൈബി ഈഡന് പറഞ്ഞു.