നിയന്ത്രണംവിട്ട് ഒഴുകിയ ബാർജ് ഫോർട്ടുകൊച്ചി തീരത്ത് മണലിൽ ഉറച്ചു
1575226
Sunday, July 13, 2025 4:33 AM IST
മട്ടാഞ്ചേരി: എൻജിൻ തകരാറായതിനെ തുടർന്ന് നിയന്ത്രണംവിട്ട് ഒഴുകിയ ബാർജ് ഫോർട്ടുകൊച്ചി കടൽത്തീരത്ത് മണൽതിട്ടയിൽ ഉറച്ചു. വൈപ്പിനിൽ ഡ്രജ്ജിംഗിനായി കൊണ്ടുവന്ന സ്വകാര്യ കമ്പനിയുടെ ഡുൾ ഡുൾ-5 എന്ന വലിയ ബാർജാണ് തീരത്തുനിന്ന് ഏതാണ്ട് 30 അടി മാറി കടൽത്തീരത്ത് ഉറച്ചു പോയത്.
ശക്തമായ മഴയിലും കാറ്റിലും ശനിയാഴ്ച രാവിലെ എട്ടോടെയാണ് അഴിമുഖത്ത് കപ്പൽ ചാലിൽ ബാർജിന്റെ നിയന്ത്രണം നഷ്ടപ്പെട്ടത്. പിന്നീട് ടഗ് ബോട്ടുകൾ എത്തി ബാർജ് വലിച്ച് നീക്കാൻ ശ്രമിച്ചെങ്കിലും തീരത്ത് ഉറച്ചു പോയതിനാൽ സാധിച്ചില്ല.
കടലിൽ വേലിയിറക്കമായതോടെ ശ്രമം ഉപേക്ഷിച്ചു. വേലിയേറ്റ സമയത്ത് കൂടുതൽ ടഗ്ഗ് ബോട്ടുകൾ എത്തിച്ച് ബാർജ് നീക്കാനാണ് ശ്രമം.