പോക്സോ കേസിൽ സിപിഎം കൗൺസിലർ അറസ്റ്റിൽ
1575230
Sunday, July 13, 2025 4:33 AM IST
കോതമംഗലം: സിപിഎം നേതാവും കോതമംഗലം നഗരസഭയിലെ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷനുമായ കെ.വി. തോമസിനെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. കോതമംഗലം പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. പത്താം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡനത്തിനിരയാക്കാന്‍ ശ്രമിച്ചുവെന്നാണ് കേസ്.
കഴിഞ്ഞ മാര്‍ച്ച് മാസവും ഈ മാസവുമാണ് കേസിനാസ്പദമായ സംഭവങ്ങളുണ്ടായിട്ടുള്ളത്. മുനിസിപ്പല്‍ ഓഫീസില്‍വച്ചും പീഡനശ്രമം നടന്നിട്ടുള്ളതായി എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പെണ്‍കുട്ടിയില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ബന്ധുക്കളാണ് പോലീസിനെ സമീപിച്ചത്.
കോതമംഗലം പോലീസ് കുട്ടിയുടെ മൊഴിയെടുത്ത ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പോലീസ് ഇന്‍സ്പെക്ടര്‍ പി.ടി. ബിജോയിയുടെ നേതൃത്വത്തിലാണ് നടപടിയെടുത്തത്.
തുടര്‍ച്ചയായി മൂന്ന് തവണയായി കെ.വി. തോമസ് മുനിസിപ്പല്‍ കൗണ്‍സിലറാണ്. സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയും ലോക്കല്‍ കമ്മിറ്റി അംഗവുമാണ്. മുമ്പ് ബന്ധുവായ യുവതിയെ പീഡിപ്പിച്ചുവെന്ന കേസിലും ഇയാള്‍ പ്രതിയായിട്ടുണ്ട്.
വീണ്ടുമൊരു പീഡനക്കേസില്കൂടി കെ.വി. തോമസ് പ്രതിയായത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കും. പാര്‍ട്ടിയുടെ സംരക്ഷണം ഉണ്ടാകില്ലെന്ന് നേതാക്കള്‍ തോമസിനെ ധരിപ്പിച്ചതായാണ് അറിയുന്നത്. തോമസിന്റെ രാജി ആവശ്യപ്പെട്ട് സമര രംഗത്തിറങ്ങുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
കെ.വി. തോമസിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്നു പുറത്താക്കിയതായും മുനിസിപ്പൽ കൗൺസിൽ സ്ഥാനം രാജിവയ്ക്കാൻ ആവശ്യപ്പെട്ടതായും സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി അറിയിച്ചു.