ജില്ലാ സ്കൂൾ അത്ലറ്റിക് മത്സരങ്ങൾ ഒക്ടോബർ നാലു മുതൽ ഏഴുവരെ
1337714
Saturday, September 23, 2023 2:01 AM IST
സ്വന്തം ലേഖകൻ
തൃശൂർ: ജില്ലാ സ്കൂൾ അത്ലറ്റിക് മത്സരങ്ങൾ ഒക്ടോബർ നാലു മുതൽ ഏഴുവരെ കുന്നംകുളത്തെ സീനിയർ സിന്തറ്റിക് ട്രാക്കിൽ നടക്കും. ഇതിനുള്ള ഒരുക്കങ്ങൾ വിദ്യാഭ്യാസ ഉപഡയറക്ടർ ഡി. ഷാജുമോൻ, ജില്ലാ സ്പോർട്സ് കോ-ഒാർഡിനേറ്റർ എ.എസ്. മിഥുൻ, റവന്യൂ ജില്ലാ സെക്രട്ടറി ജിപ്സൺ തോമസ് എന്നിവരുടെ നേതൃത്വത്തിൽ പൂർത്തിയായി.
സംസ്ഥാന ഗെയിംസ്, അത്ലറ്റിക് മത്സരങ്ങൾക്കു മുന്നോടിയായി ഘട്ടങ്ങളായാണു ഉപജില്ല, ജില്ലാതല മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. ഇതിന്റെ ഭാഗമായി 12 ഉപജില്ലകളിലെയും അത്ലറ്റിക് മത്സരങ്ങളും സെപ്റ്റംബർ അവസാനത്തോടെ പൂർത്തിയാക്കും. സംസ്ഥാന ഗെയിംസ് ഇവന്റുകൾ നടക്കുന്നതിനു മുന്നോടിയായി ജില്ലാതല മത്സരങ്ങളും ഘട്ടങ്ങളായി നടത്തി മത്സരാർഥികൾക്ക് അവസരമൊരുക്കും.
ഒന്നാംഘട്ട ജില്ലാ സ്കൂൾ ഗെയിംസിന് കൊരട്ടി ലിറ്റിൽ ഫ്ലവർ കോൺവന്റ് എച്ച്എസ്എസിൽ ഇന്നു നടക്കുന്ന ബാസ്കറ്റ് ബോൾ മത്സരത്തോടെ സമാപനമാകും. മത്സരങ്ങൾ സംഘടിപ്പിക്കാൻ കുറഞ്ഞ സമയമാണ് ലഭിച്ചതെങ്കിലും പരാതികളില്ലാതെ കുട്ടികൾക്ക് അവസരമൊരുക്കാനുള്ള ശ്രമമാണു സംഘാടകരുടെ നേതൃത്വത്തിൽ നടക്കുന്നത്.
മുൻകാലങ്ങളിൽനിന്നു വ്യത്യസ്തമായി സ്പോർട്സ് മത്സരങ്ങൾ വേഗത്തിലാകാനുള്ള കാരണം ദേശീയമത്സരങ്ങൾ നേരത്തെയായതും അതനുസരിച്ചു സംസ്ഥാന കായികമേളകൾ ക്രമീകരിച്ചതുമാണ്. ഇതനുസരിച്ചു ജില്ലാ മത്സരങ്ങൾ ധൃതിയിൽ സംഘടിപ്പിക്കേണ്ടിവരികയായിരുന്നു. ഒക്ടോബർ ഒന്പതു മുതൽ 13വരെ നടക്കുന്ന ഹയർ സെക്കൻഡറി പരീക്ഷയെ ബാധിക്കാത്ത വിധത്തിലാണു ജില്ലാതലംവരെയുള്ള മത്സരങ്ങൾ സംഘടിപ്പിച്ചത്.
ഇനി ജില്ലാതലത്തിൽ നടത്താനുള്ള മത്സരയിനങ്ങൾ സംസ്ഥാനതല മത്സരദിനത്തിനു മുന്നോടിയായി സംഘടിപ്പിക്കും. ജില്ലാതലത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടിയവരാണ് സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കുക.