വീടിന്റെ മേൽക്കൂര തകർന്ന് അമ്മയ്ക്കും മരുമകൾക്കും പരിക്ക്
1562941
Wednesday, May 28, 2025 1:17 AM IST
ഇരിങ്ങാലക്കുട: കനത്ത മഴയിൽ വീടിന്റെ മേൽക്കൂര തകർന്നുവീണ് അമ്മയ്ക്കും മരുമകൾക്കും പരിക്കേറ്റു. നഗരസഭ 27-ാം വാർഡിൽ കെഎസ്ഇ ലിമിറ്റഡ് കന്പനിക്ക് സമീപം താമസിക്കുന്ന പാറപ്പുറം വീട്ടിൽ സുധാദേവിയുടെ ഓടിട്ട വീടിന്റെ മേൽക്കൂരയാണു തകർന്നത്. കഴിഞ്ഞദിവസം പുലർച്ചെ ഒന്നരയോടെയാണ് സംഭവം.
സുധാദേവി, മകൻ ഉമാശങ്കർ, ഭാര്യ നിഷ, ഇവരുടെ മകൻ എന്നിവരാണു വീട്ടിൽ ഉണ്ടായിരുന്നത്. സുധാദേവിയുടെയും തൊട്ടടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന നിഷ(39)യുടെയും ദേഹത്തേക്കാണ് ഓടുകൾ വീണത്. നിഷയുടെ തലയിൽ ആഴത്തിലുള്ള മുറിവേറ്റു. സുധാദേവിക്കു വലതുകൈയ്ക്കു ചതവുണ്ട്. ഉമാശങ്കറും മകനും ഇതേ മുറിയിൽ ഉണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിഷയെയും സുധാദേവിയെയും സമീപവാസികൾ ചേർന്നാണ് ഓടുകൾ നീക്കി പുറത്തെടുത്തത്. നിഷ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ഇവർ തൊട്ടടുത്ത ബന്ധുവീട്ടിലേക്ക് മാറി.