മിഥുന്റെ ആത്മഹത്യ: പ്രതിഷേധം ശക്തം
1593067
Saturday, September 20, 2025 1:53 AM IST
വടക്കാഞ്ചേരി: കാട്ടുപന്നിയെ വേട്ടയാടിയ കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി തൂങ്ങിമരിച്ച സംഭവത്തിൽ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. കഴിഞ്ഞദിവസമാണ് കാഞ്ഞിരക്കോട് സ്വദേശി വടക്കൻവീട്ടിൽ മിഥുൻ(32)നെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
വനംവകുപ്പ് ഉദ്യോഗസ്ഥരുടെ മർദനമാണ് മിഥുൻ മരിക്കാനിടയായതെന്ന് നാട്ടുകാർ ആരോപിച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടിയും മിഥുന്റെ ഭാര്യക്ക് സർക്കാർ ജോലിയും ആവശ്യപ്പെട്ടു ബന്ധുക്കളും നാട്ടുകാരുംചേർന്ന് മൃതദേഹം തടഞ്ഞുവച്ചു പ്രതിഷേധിച്ചു. തലപ്പിള്ളി തഹസിൽദാർ പി.പി. ഷീന ജില്ലാ കളക്ടറെ വിവരമറിയിച്ചതിനെത്തുടർന്ന് സബ് കളക്ടർ സ്ഥലത്തെത്തി.
ബന്ധുക്കളും നാട്ടുകാരുമായി സബ് കളക്ടർ ചർച്ച നടത്തി. സംഭവത്തെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താമെന്നും മിഥുന്റെ ഭാര്യക്ക് ജോലി നൽകുന്നതുസംബന്ധിച്ച് സർക്കാരിലേക്ക് ശുപാർശ നൽകാമെന്നും സബ് കളക്ടർ ഉറപ്പുനൽകിയതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം വിട്ടുനൽകിയത്. എരുമപ്പെട്ടി പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത് ലാൽ, വാർഡ് മെമ്പർ കൊടുമ്പ് മുരളി, മഹിളാകോൺഗ്രസ് വടക്കാഞ്ചേരി ബ്ലോക്ക് പ്രസിഡന്റ് ബുഷറ റഷീദ് തുടങ്ങിയവരും ചർച്ചയിൽ പങ്കെടുത്തു.
തുടർന്ന് കളക്ടർ മിഥുന്റെ വീട്ടിലെത്തി കുടുംബാഗങ്ങളെ ആശ്വാസിപ്പിച്ചു. വടക്കാഞ്ചേരി പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധനകൾനടത്തി. മിഥുന്റെ സംസ്കാരം ഇന്നുനടക്കും.
എരുമപ്പെട്ടി: മിഥുന്റെ മരണത്തിന് കാരണക്കാരായ പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് കോൺഗ്രസ് എരുമപ്പെട്ടി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് എം.എം. നിഷാദ് അധ്യക്ഷത വഹിച്ചു.
യുഡിഎഫ് കുന്നംകുളം നിയോജകമണ്ഡലം കൺവീനർ അമ്പലപ്പാട്ട് മണികണ്ഠൻ, എൻ.കെ. കെബീർ, എം.കെ. ജോസ്, എം.എം. സലീം, എം.സി. ഐജു, സുധീഷ് പറമ്പിൽ എന്നിവർ സംസാരിച്ചു.
സംഭവമറിഞ്ഞ് ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്, മുൻ പ്രസിഡന്റുമാരായ ജോസ് വള്ളൂർ, എം.പി. വിൻസന്റ്, കെപിസിസി മെമ്പർ രാജേന്ദ്രൻ അരങ്ങത്ത് എന്നിവർ സ്ഥലത്തെത്തി.
ഫോറസ്റ്റ് ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുത്തില്ലെങ്കിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് ഉൾപ്പെടെയുള്ള സമരം നടത്തുമെന്നും മണ്ഡലം കമ്മിറ്റി അറിയിച്ചു.