കൗൺസിലിൽ വൈദ്യുതി ആളിക്കത്തി ; കോൺഗ്രസ് ഉപരോധത്തിൽനിന്ന് മേയറെ മോചിപ്പിച്ചതു ബലംപ്രയോഗിച്ച്
1593081
Saturday, September 20, 2025 1:53 AM IST
സ്വന്തം ലേഖകൻ
തൃശൂർ: വൈദ്യുതിവിഭാഗം ജീവനക്കാരെ വെട്ടിക്കുറച്ച തദ്ദേശസ്വയംഭരണ വകുപ്പ് നടപടിയിൽ ആളിക്കത്തി കോർപറേഷൻ കൗൺസിൽ. കോൺഗ്രസിന്റെ ഘെരാവോ വലയത്തിൽനിന്ന് ഭരണപക്ഷ അംഗങ്ങൾ മേയറെ മോചിപ്പിച്ചതു ബലപ്രയോഗത്തിലൂടെ.
കൗൺസിൽ തുടങ്ങിയപ്പോൾതന്നെ പ്രതിഷേധപ്രസംഗവുമായി എഴുന്നേറ്റ രാജൻ പല്ലനുശേഷം ഭരണപക്ഷത്തെ ഐ. സതീഷ്കുമാർ പ്രശ്നത്തിൽ മേയറുടെ ഇടപെടലിനെ പ്രകീർത്തിച്ചു. തുടർന്നു ബിജെപി പാർലമെന്ററികാര്യ നേതാവ് വിനോദ് പൊള്ളാഞ്ചേരിയും കോൺഗ്രസിലെ ജോൺ ഡാനിയലും പ്രതിഷേധമുന്നയിച്ചു. തുടർന്നു ഡെപ്യൂട്ടി മേയർ എം.എൽ. റോസിയെ പ്രസംഗിക്കാൻ അനുവദിക്കാതെ രാജൻ പല്ലന്റെ നേതൃത്വത്തിൽ മുദ്രാവാക്യംവിളികളുമായി കോൺഗ്രസ് അംഗങ്ങൾ നടുത്തളത്തിലിറങ്ങുകയായിരുന്നു. തുടർന്നാണ് കൗൺസിലിൽ ഘെരാവോ നടപടികളും ഭരണപക്ഷത്തിന്റെ മോചിപ്പിക്കലും അരങ്ങേറിയത്.
കോർപറേഷൻ വൈദ്യുതിവിഭാഗം സ്വകാര്യമേഖലയ്ക്കു നൽകാനുള്ള ഗൂഢാലോചനയാണു നടക്കുന്നതെന്നു പ്രതിപക്ഷം കുറ്റപ്പെടുത്തി.
ജീവനക്കാരെ കുറച്ചുകൊണ്ടുള്ള ഉത്തരവിറക്കിയതു മേയറും സിപിഎം നേതൃത്വവും അറിഞ്ഞാണെന്നും ഗൂഢാലോചനയുണ്ടെന്നും ആരോപിച്ചായിരുന്നു രാജൻ പല്ലന്റെയും ജോൺ ഡാനിയലിന്റെയും പ്രസംഗം. ഒരുമണിക്കൂറോളം മുദ്രാവാക്യം വിളിച്ചു യോഗം തടസപ്പെടുത്തിയെങ്കിലും പിരിച്ചുവിടാൻ മേയർ തയാറായില്ല. തുടർന്നു കോൺഗ്രസ് കൗൺസിലർമാർ മേയറുടെ ഡയസിലേക്കു കയറുകയും വളഞ്ഞ് ഉപരോധമേർപ്പെടുത്തുകയുമായിരുന്നു. ഇതോടെ ഭരണകക്ഷിയിലെ പി.കെ. ഷാജന്റെയും വർഗീസ് കണ്ടംകുളത്തിയുടെയും അനീസ് മുഹമ്മദിന്റെയും നേതൃത്വത്തിൽ കോൺഗ്രസ് കൗൺസിലർമാരെ തള്ളിനീക്കി ബലമായി മേയറെ മോചിപ്പിച്ച് ചേംബറിലേക്കു കൊണ്ടുപോയി.
ചെറിയതോതിൽ ഉന്തുംതള്ളും പരസ്പരം വെല്ലുവിളികളുമായി വീണ്ടും കുറച്ചുനേരം കൗൺസിലർമാർ കൗൺസിൽ ഹാളിൽ മുഖാമുഖം മുദ്രാവാക്യംവിളികളും പ്രസംഗങ്ങളും തുടർന്നു. പിന്നീട് ഉച്ചഭക്ഷണത്തിനുശേഷം കൗൺസിൽ വീണ്ടും ചേർന്നപ്പോൾ കോൺഗ്രസ് അംഗങ്ങൾ പങ്കെടുത്തില്ല.
ജീവനക്കാരെ വെട്ടിക്കുറച്ച സംഭവത്തിൽ പ്രതിഷേധ പ്ലക്കാർഡുകളുമായാണ് എത്തിയിരുന്നതെങ്കിലും ബിജെപി അംഗങ്ങൾ പ്രശ്നങ്ങളിൽ ഇടപെടാതെ സീറ്റുകളിൽ തുടർന്നു. ഉച്ചയ്ക്കുശേഷം യോഗത്തിൽ രാവിലത്തെ കോൺഗ്രസ് നടപടികളെ അപഹസിക്കുകയും വെട്ടിക്കുറയ്ക്കൽ നടപടിയിൽ പ്രതിഷേധമറിയിക്കുകയും ചെയ്തു.