ഉത്തരവ് പിൻവലിക്കൽ തീരുമാനം 23നുള്ളിലെന്നു മേയർ
1593082
Saturday, September 20, 2025 1:53 AM IST
തൃശൂർ: കോർപറേഷൻ വൈദ്യുതിവിഭാഗം തസ്തികകൾ വെട്ടിക്കുറച്ച തദ്ദേശസ്വയംഭരണ വകുപ്പ് ഉത്തരവ് പിൻവലിക്കാനുള്ള നടപടികൾ സ്വീകരിച്ചെന്നും 23നുള്ളിൽ തീരുമാനമുണ്ടാകുമെന്നും മേയർ എം.കെ. വർഗീസ് പത്രസമ്മേളനത്തിൽ പറഞ്ഞു. പ്രശ്നം നിയമപരമായി പരിഹരിക്കാൻ 23നു തിരുവനന്തപുരത്തു മന്ത്രി എം.ബി. രാജേഷ് ചര്‍ച്ചയ്ക്കു വിളിച്ചിട്ടുണ്ട്. ജീവനക്കാരുടെ ശന്പളപരിഷ്കരണവും ചർച്ചചെയ്തു നടപ്പാക്കും.
തസ്തിക വെട്ടിക്കുറയ്ക്കൽ ഉത്തരവു ലഭിച്ചതുമുതൽ അതു റദ്ദുചെയ്യാനുള്ള നടപടികൾ മേയറെന്നനിലയിൽ സ്വീകരിച്ചിരുന്നു. ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിക്കും തദ്ദേശസ്വയംഭരണ മന്ത്രി എം.ബി. രാജേഷിനും മന്ത്രി കെ. രാജനും സിപിഎം സെക്രട്ടറി ഗോവിന്ദൻമാസ്റ്റർക്കും കത്തുനൽകി. തുടർന്നാണ് 23നുള്ളിൽ അനുകൂലതീരുമാനമുണ്ടാകുമെന്നും അതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായും അറിയിപ്പുകിട്ടിയത്.
ഇക്കാര്യങ്ങൾ ചർച്ചചെയ്യാനാണ് ഇന്നലെ അടിയന്തര കൗൺസിൽ ചേർന്നത്. എന്നാൽ കോണ്‍ഗ്രസിന്റെ രണ്ടു നേതാക്കളുടെ പ്രസംഗത്തിനുശേഷം മറ്റുള്ളവർക്കു പറയാനുള്ളതു കേൾക്കാൻനിൽക്കാതെ കൗൺസിൽ അലങ്കോലപ്പെടുത്താനും തന്നെ ശാരീരികമായി ഉപദ്രവിക്കാനുമായിരുന്നു കോൺഗ്രസ് ശ്രമം.
ഇതു ഗുരുതര ക്രിമിനല്‍ നടപടിയും ജനാധിപത്യവിരുദ്ധവുമാണ്.
വൈദ്യുതിവിഭാഗം ജീവനക്കാരെ വെട്ടിക്കുറയ്ക്കണമെന്നും കെഎസ്ഇബിയെ ഏല്‍പ്പിക്കണമെന്നുമുള്ള നിലപാടാണു കോണ്‍ഗ്രസിലെ മുന്മേയര്മാരായിരുന്ന കെ. രാധാകൃഷ്ണനും ഐ.പി. പോളും സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തിൽ കോൺഗ്രസിലെ മുൻകൗൺസിലറും സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണുമായിരുന്ന അഡ്വ. സ്മിനി ഷീജോ നിയമനടപടികൾ സ്വീകരിച്ചുവരുന്നതായും മേയർ ചൂണ്ടിക്കാട്ടി.