ജനപ്രതിനിധികളും വകുപ്പ് തലവന്മാരുമില്ലാതെ താലൂക്ക് വികസനസമിതി യോഗം പ്രഹസനം
1573641
Monday, July 7, 2025 2:15 AM IST
ചിറ്റൂർ: ജനപ്രതിനിധികളും പ്രധാനപ്പെട്ട വകുപ്പുദ്യോഗസ്ഥരും ഇല്ലാതെ വികസന സമിതി യോഗം പ്രഹനനമാവുന്നതായി കഴിഞ്ഞ ദിവസം നടന്ന താലൂക്ക് വികസനസമിതി യോഗത്തിൽ ആരോപണം.
വിവിധ വകുപ്പുകളിൽ നിന്നും വിരലിലെണ്ണാവുന്ന ഉദ്യോഗസ്ഥർ മാത്രമാണ് യോഗത്തിൽ പങ്കെടുക്കുന്നത്. പങ്കെടുക്കാതിരുന്ന ഉദ്യോഗസ്ഥർ വിശദീകരണം രേഖാമൂലം അറിയിക്കണമെന്നു തഹസിൽദാർ പതിവു നടപടി ആവർത്തിച്ചു.
തുടർന്ന് ചടങ്ങിനുമാത്രമായി വിവിധ വകുപ്പുകളിലെ പ്രശ്നങ്ങൾ ചോദിച്ചറിഞ്ഞ് യോഗം അവസാനിപ്പിച്ചു. കഴിഞ്ഞ താലൂക്ക് വികസന സമിതി യോഗത്തിൽ ഉന്നയിച്ച പ്രശ്നങ്ങളിൽ നടത്തിയ ഇടപെടലുകളെക്കുറിച്ച് ശനിയാഴ്ച ചേർന്ന യോഗത്തിൽ ചർച്ച ചെയ്തെങ്കിലും നടപടിയെടുത്ത വിഷയങ്ങൾ കുറവായിരുന്നു.
കഴിഞ്ഞ താലൂക്ക് വികസനസമിതി യോഗത്തിൽ കനാൽ ബണ്ട് പൊട്ടി വെള്ളമൊഴുകി പുരയിടത്തിൽ എത്തുന്നതു തടയണമെന്ന അത്തിക്കോട് സ്വദേശി ഗണേഷ് ബാബു പരാതി നൽകിയിരുന്നു. കനാൽ ബണ്ടിന്റെ വശങ്ങൾകെട്ടി സംരക്ഷിക്കുന്നതിനായി 15 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് കണക്കാക്കി അനുമതിക്കുവേണ്ടി സമർപ്പിച്ചിട്ടുണ്ടെന്നും തുക ലഭിക്കുന്ന മുറയ്ക്കു നടപടിയുണ്ടാവുകയുള്ളൂവെന്നും വാട്ടർ അഥോറിറ്റി അസിസ്റ്റന്റ് എൻജിനീയറുടെ വിശദീകരണം. യോഗത്തിൽ കെ. ബാബു എംഎൽഎ അധ്യക്ഷനായി.
തഹസിൽദാർ എം.പി. ആനന്ദകുമാർ, ഭൂരേഖ തഹസിൽദാർ കെ.വി.സനൽകുമാർ, ഡെപ്യൂട്ടി തഹസിൽദാർ ആർ. രമേശ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു.