അന്നൊരു നാളിൽ...
1583694
Thursday, August 14, 2025 12:59 AM IST
എം.വി. വസന്ത്
പാലക്കാട്: 2022 ലെ മാർച്ചിലെ ശുഭവാർത്തയാണിത്. - കേരളത്തിലൊട്ടാകെ പ്ലസ് വണ്‍ പ്രവേശനം ലഭിക്കാതെ കൊഴിഞ്ഞുപോയ 493 പട്ടികവർഗ വിദ്യാർഥികൾ വീണ്ടും സ്കൂളുകളിലേക്ക് തിരിച്ചെത്തുന്നു. അതായത് പത്ത് പ്ലസ് വണ്‍ ബാച്ചിനു തുല്യമായത്രയും വിദ്യാർഥികൾ മടങ്ങിയെത്തി എന്നർഥം.
അന്ന് അട്ടപ്പാടിയിൽ മാത്രം പഠനത്തിലേക്കു തിരിച്ചെത്തിയതു എഴുപതോളം വിദ്യാർഥികൾ. മലയാളത്തിലെ പത്രമുത്തശ്ശിയായ ദീപികയുടെ ഇടപെടലും വിദ്യാർഥികളുടെ തിരിച്ചുവരവിനു നിദാനമായി. 2021 ഡിസംബറിൽതന്നെ അധികാരികൾക്കു ദീപിക വിദ്യാർഥികളുടെ കൊഴിഞ്ഞുപോകൽ സാധ്യത സംബന്ധിച്ചു മുന്നറിയിപ്പ് നൽകിയിരുന്നു. കോവിഡിനുശേഷമുള്ള ഈ കാലഘട്ടത്തിലെ അഡ്മിഷൻ അറിയിപ്പുകൾ പോലും അട്ടപ്പാടിയിലെ വിദ്യാർഥികൾ അറിഞ്ഞിരുന്നില്ല.
അട്ടപ്പാടിയിലടക്കം വിദ്യാർഥികൾക്കു ഒരുവർഷം നഷ്ടപ്പെടുമെന്നും പലരും ഇനി സ്കൂളുകളിലേക്കു തിരിച്ചെത്തില്ലെന്നുമായിരുന്നു പ്രധാന മുന്നറിയിപ്പ്. വാർത്തയുടെ പശ്ചാത്തലത്തിൽ പട്ടികവിഭാഗ ക്ഷേമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും നേരിട്ട് ഇടപെടുകയും ഹയർസെക്കൻഡറി ഡയറക്ടറേറ്റ് പ്രത്യേക അഡ്മിഷനായി ഇടപെടൽ നടത്തുകയായിരുന്നുമായിരുന്നു.
അട്ടപ്പാടിയുൾപ്പെടെ പാലക്കാട്ടു നിന്നും 70, ഇടുക്കിയിലെ 61, വയനാട്ടിലെ 362 വിദ്യാർഥികളാണ് അന്ന് കൊഴിഞ്ഞുപോക്കിനെ അതിജീവിച്ച് സ്കൂളുകളിലെത്തിയത്.
ഏകോപനം അന്നും
യഥാസമയം അട്ടപ്പാടിയിലെ ഒരുകൂട്ടം ആളുകൾ ഒന്നിച്ചുനിന്നപ്പോഴാണ് കേരളത്തിലൊട്ടാകെയുള്ള ഭീമമായ ഒറ്റത്തവണ കൊഴിഞ്ഞുപോക്കിനു തടയിടാനായത്.
അന്ന് അഗളി ഹയർസെക്കൻഡറി സ്കൂളിലെ ഒരുകൂട്ടം അധ്യാപകരാണ് അട്ടപ്പാടിയിലെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് സംസ്ഥാന ഹയർസെക്കൻഡറി ഡയറക്ടറിലേക്ക് വിവരം എത്തിച്ചത്. പിന്നീടെത്തിയ ഉത്തരവുപ്രകാരം സ്പെഷൽ അഡ്മിഷനു സൗകര്യമൊരുങ്ങിയതോടെ എല്ലാവരും ഉണർന്നു പ്രവർത്തിച്ചു. സ്കൂൾ പിടിഎകളും ജനപ്രതിനിധികളും വിവിധ വകുപ്പുദ്യോഗസ്ഥരുമെല്ലാം ഒറ്റക്കെട്ടായി നിന്നതോടെ വിദ്യാർഥികളുടെ അഡ്മിഷനും യാഥാർഥ്യമായി.
വിദ്യാർഥികളടക്കം സഹായവുമായെത്തിയതോടെ എല്ലാം ശുഭമായി. അഗളി സ്കൂളിൽ മാത്രം നാല്പതോളം കുട്ടികൾ വീണ്ടുമെത്തി. പുതൂർ, ഷോളയൂർ പഞ്ചായത്തുകളിൽ നിന്നുമായി മുപ്പതോളം കുട്ടികളെയും ഈ സംഘം കണ്ടെത്തി സ്കൂളുകളിലെത്തിച്ചു.
അധ്യാപകർക്കും ജനപ്രതിനിധികൾക്കും പുറമെ അഗളി സ്കൂൾ സ്റ്റുഡന്റ്സ് പോലീസ്, ഇലക്ടറൽ ലിറ്ററസി ക്ലബ്, ട്രൈബൽ വകുപ്പ് ഉദ്യോഗസ്ഥർ, എസ്ടി പ്രൊമോട്ടർമാർ എല്ലാവരും ഒറ്റക്കെട്ടായി നിന്നതാണ് അട്ടപ്പാടിയുടെയും ഒപ്പം സംസ്ഥാനത്ത് ഒട്ടാകെയുള്ള ഈ മാറ്റത്തിനു നിദാനമായത്.
കോവിഡിലും തളരാതെ "ബ്രിഡ്ജ്'
ആദിവാസിക്ഷേമ പ്രവർത്തനത്തിനൊപ്പം ഊരുകളിലെ കുട്ടികളുടെ ഉന്നമനംകൂടി ലക്ഷ്യമിട്ടാണ് കുടുംബശ്രീ മിഷൻ ബ്രിഡ്ജ് പദ്ധതി മുന്നേറുന്നത്. കോവിഡ് കാലത്തും അതിനുമുന്പും ശേഷവും നിസ്വാർഥ സേവനത്തിലൂടെ കുട്ടികളെ ചേർത്തുനിർത്താൻ ഇവർക്കു കഴിഞ്ഞു.
ബ്രിഡ്ജ് കോഴ്സിന്റെ ഭാഗമായിനടന്ന കുട്ടികളുടെ മാപ്പിംഗിൽ കൊഴിഞ്ഞുപോക്കിന്റെ യഥാർഥ കണക്കുകൾ സർക്കാറിനു ലഭ്യമാക്കാനും കുടുംബശ്രീക്കു കഴിഞ്ഞു. കുടുംബശ്രീ മിഷൻ സമഗ്ര ആദിവാസി വികസനപദ്ധതിയുടെ ഭാഗമായ അട്ടപ്പാടി ബാലവിഭവകേന്ദ്രം, ബ്രിഡ്ജ് കോഴ്സ് എന്ന വിദ്യാഭ്യാസ പരിപാടി 2016 ഏപ്രിൽ ഏഴിനാണ് അട്ടപ്പാടിയിലെ 36 ഊരുകളിലായി പ്രവർത്തനം ആരംഭിക്കുന്നത്.
വർഷങ്ങൾക്കുമുന്‍പ് കുടുംബശ്രീമിഷൻ നടത്തിയ കൊഴിഞ്ഞുപോക്കു സംബന്ധിച്ചു നടത്തിയ സർവേ റിപ്പോർട്ടിന്റെ ചുവടുപിടിച്ചാണ് പദ്ധതി തുടങ്ങിയത്. 2010 മുതൽ ഓരോ വർഷങ്ങളിലും സ്കൂളുകളിലെ കൊഴിഞ്ഞുപോക്ക് കൂടിവരുന്നതായി പഠനറിപ്പോർട്ടിലുണ്ട്.
192 ഊരുകളിലായി നടത്തിയ പഠനത്തിൽ കുറഞ്ഞതു അഞ്ചുമുതൽ 20 കുട്ടികൾ ഓരോ ഊരുകളിലും പഠനം നിർത്തിയതായി കണ്ടെത്താനായി.
സ്കൂളിൽ ഇതുവരെ പോകാത്തവർ, നാലിലും ഒന്‍പതിലും പത്തിലും പഠനം നിർത്തിയവർ, പ്ലസ്ടുവിന് ഇഷ്ടവിഷയം ലഭിക്കാതെ പഠനം നിർത്തിയവർ എന്നിങ്ങനെ നിരവധിപേരെ സർവേയിൽ കണ്ടെത്തി.
കോവിഡ് കാലത്തും വെല്ലുവിളികൾ അതിജീവിച്ചാണ് ബ്രിഡ്ജ് പദ്ധതി മുന്നേറിയത്. 96 കേന്ദ്രങ്ങളിലായി ബ്രിഡ്ജ് കേന്ദ്രങ്ങൾ തുറന്നു, ഓൺലൈൻ പഠനത്തിനടക്കം സൗകര്യമൊരുക്കി.
ഈയൊരു കാലയളവിൽമാത്രം 2446 കുട്ടികൾക്കു പഠനമൊരുക്കാൻ ബ്രിഡ്ജ് പദ്ധതിയിലൂടെ സാധിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തിനൊപ്പം വിദ്യാർഥികൾ ചേർന്നുനിന്നതോടെ വിദ്യാഭ്യാസരംഗത്തെ വലിയൊരു കൊഴിഞ്ഞുപോക്കാണ് ഇല്ലാതായത്.