ജലസുരക്ഷാ ജില്ലയാകാൻ പാലക്കാട്
1583695
Thursday, August 14, 2025 12:59 AM IST
പാലക്കാട്: ജില്ലയെ ജലസുരക്ഷാ ജില്ലയാക്കി മാറ്റുന്നതിന്റെ ഭാഗമായി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലബജറ്റ് തയാറാക്കുന്ന പ്രവർത്തനം പുരോഗമിക്കുന്നു.
ഹരിതകേരളം മിഷന്റെ ഏകോപനത്തിൽ വിവിധ വകുപ്പുകളെയും ഏജൻസികളെയും സംയോജിപ്പിച്ചുകൊണ്ടാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ പ്രവർത്തനം നടത്തുന്നത്.
ജലസുരക്ഷാ പ്ലാനുകൾക്ക് രൂപം നൽകുന്നതിന്റെ ആദ്യപടിയായാണ് ജലബജറ്റ് തയാറാക്കുന്നത്. ജലലഭ്യത, ഉപഭോഗം, ആവശ്യകത എന്നിവ കണക്കാക്കി ഭാവി പരിപാടികൾ ആസൂത്രണം ചെയ്യുക എന്നതാണ് ജലബജറ്റിന്റെ ലക്ഷ്യം. ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് ഇത് തയാറാക്കുന്നത്.
തൃത്താല നിയോജക മണ്ഡലത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ചിറ്റൂർ, ആലത്തൂർ, കുഴൽമന്ദം, പട്ടാന്പി എന്നീ ബ്ലോക്കുകളിലും 36 ഗ്രാമപഞ്ചായത്തുകളിലും ഇതിനകം ജലബജറ്റ് തയാറാക്കി കഴിഞ്ഞു.
ചിറ്റൂർ ബ്ലോക്കിലാണ് ആദ്യമായി ജലബജറ്റ് തയാറാക്കിയത്. ഈ മാസം അവസാനത്തോടുകൂടി ജില്ലയിലെ എല്ലാ ബ്ലോക്കുകളിലും ജലബജറ്റ് ശില്പശാലകളും വിവരശേഖരണവും പൂർത്തിയാകും. സെപ്റ്റംബർ 30നകം ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും ജലബജറ്റ് തയാറാക്കും.
ജലബജറ്റിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ജലസുരക്ഷാ പദ്ധതികൾ തയാറാക്കുന്നതിന് പ്രത്യേക ശിൽപശാലകൾ സംഘടിപ്പിക്കും. ഇതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളെയും ഏജൻസികളെയും സംയോജിപ്പിക്കും. ഇതിനുശേഷം പ്രത്യേകമായ ജലസുരക്ഷാ പ്ലാനുകൾ തയാറാക്കും.