അവാർഡ് സമിതി പച്ചത്തുരുത്തുകൾ സന്ദർശിച്ചു
1583697
Thursday, August 14, 2025 12:59 AM IST
നെന്മാറ: ബ്ലോക്കിലെ വിവിധ പച്ചത്തുരുത്തുകൾ പുരസ്കാര നിർണയ സമിതി സന്ദർശിച്ചു. നെന്മാറ എൻഎസ്എസ് കോളജിലെ മുൻ ഭൗതികശാസ്ത്ര അധ്യാപകനും ജലപാരിസ്ഥിതിക മാനേജ്മെന്റ് വിദഗ്ധനുമായ ഡോ. വാസുദേവൻപിള്ളയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് പച്ചത്തുരുത്തുകൾ സന്ദർശിച്ചത്.
ചിറ്റിലഞ്ചേരി എംഎൻകെഎം സ്കൂൾ, എൻഎസ്എസ് കോളജ്, നേതാജി കോളജ്, ചാത്തമംഗലം ചപ്പാത്തിപ്പുഴ തീരം, കിളിയല്ലൂർ ആറ്റാലക്കടവ് എന്നിവിടങ്ങളിലെ അഞ്ച് പച്ചത്തുരുത്തുകളാണ് സന്ദർശിച്ചത്. എലവഞ്ചേരി എഴുത്തച്ഛൻ ആർട്സ് ആൻഡ് സയൻസ് കോളജ്, മംഗലം ഡാം ലൂർദ് മാതാ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ പച്ചത്തുരുത്തുകൾ കൂടി പിന്നീട് സന്ദർശിക്കും.
നവകേരളം കർമപദ്ധതി ജില്ലാ കോ-ഓർഡിനേറ്റർ പി. സെയ്തലവി, ആസൂത്രണ വകുപ്പ് ഉദ്യോഗസ്ഥനായിരുന്ന കണ്ണൻ, ജിഎസ്ടി ഉദ്യോഗസ്ഥനായിരുന്ന മുഹമ്മദ് മൂസ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സണ്‍ എസ്.വി. പ്രേംദാസ് എന്നിവരും സന്ദർശനത്തിന്റെ ഭാഗമായി.