കിഴക്കഞ്ചേരിയിൽ യുഡിഎഫ് കർഷകദിനആഘോഷ പരിപാടികൾ ബഹിഷ്കരിക്കും
1583701
Thursday, August 14, 2025 12:59 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ കൃഷിഭവൻ കേന്ദ്രീകരിച്ച് ചിങ്ങം ഒന്നിന് സംഘടിപ്പിക്കുന്ന കർഷകദിനാഘോഷ പരിപാടികൾ ബഹിഷ്ക്കരിക്കാൻ യുഡിഎഫ് കിഴക്കഞ്ചേരി മണ്ഡലം കമ്മിറ്റി തീരുമാനിച്ചു.
കേരളത്തിലെ സമസ്തമേഖലകളിലും ദുരിതംമാത്രം സംഭാവന ചെയ്ത പിണറായി സർക്കാരിന്റെ നയം പ്രത്യേകിച്ച് കാർഷികമേഖലയെ തകർത്തു. കിഴക്കഞ്ചേരിയുടെ മലയോരമേഖലയിൽ വന്യമൃഗങ്ങളിറങ്ങി വ്യാപകമായി കൃഷി നശിപ്പിക്കുമ്പോഴും വനംവകുപ്പ് നോക്കുകുത്തിയായി മാറുകയാണ്.
അസാധാരണമായ വിലക്കയറ്റവും ഉത്പന്നങ്ങളുടെ വിലതകർച്ചയും കാർഷിക മേഖലയ്ക്ക് ഉണ്ടാക്കിയ തിരിച്ചടി ചെറുതല്ല. കർഷകർ കൃഷി ഉപേക്ഷിക്കുന്ന സ്ഥിതി കൂടിവരികയാണ്. നെല്ലളന്ന് മാസങ്ങൾ പിന്നിട്ടിട്ടും നാളിതുവരെയായി സപ്ലൈകോയിൽ നിന്നും വില ലഭിച്ചിട്ടില്ല. കൃഷിക്കാരെ സഹായിക്കുന്ന യാതൊരു നടപടിയും സർക്കാർ സ്വീകരിക്കുന്നുമില്ല.
ഇത്തരം നടപടികളിൽ പ്രതിഷേധിച്ചാണ് ബഹിഷ്ക്കരണം. യോഗത്തിൽ യുഡിഎഫ് മണ്ഡലം ചെയർമാൻ സി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ബ്ലോക്ക് മുൻ പ്രസിഡന്റ് എം.കെ. ശ്രീനിവാസൻ, എസ്. അനിൽകുമാർ, ചാർളി മാത്യു, ഇസ്മായിൽ മൂപ്പൻ, വി.ജെ. ജോസഫ്, കെ. കെ. കാസിം, ബാബു മാസ്റ്റർ, റോയ് മാസ്റ്റർ, മറിയക്കുട്ടി ജോർജ്, സുജ അനിൽകുമാർ, സി.കെ. ഉസനാർ പ്രസംഗിച്ചു.