ഭയാശങ്കകൾക്കു വിരാമം; മുൾക്കാട്ടിൽ അകപ്പെട്ട തൊണ്ണൂറുകാരി രക്ഷപ്പെട്ടത് ആനത്താരയിലൂടെ
1583703
Thursday, August 14, 2025 12:59 AM IST
അഗളി: ആനക്കാട്ടിൽ അകപ്പെട്ട 90 കാരിയായ ആദിവാസി വയോധിക ഭയാശങ്കകൾക്ക് വിരാമമിട്ട് ഇന്നലെ രാത്രിയോടെ തിരിച്ചെത്തി. അട്ടപ്പാടി പട്ടിമാളം ഉന്നതിയിലെ പരേതനായ പരട്ടയുടെ ഭാര്യ ചെല്ലിമൂപ്പത്തിയാണ് കാട്ടിൽ മറഞ്ഞ് വനംപോലീസ് ഉദ്യോഗസ്ഥരെയും ആദിവാസികളെയും പത്തു മണിക്കൂർ മുൾമുനയിൽ നിർത്തിയത്. ചൊവ്വാഴ്ച പകൽ മൂന്നുമണിയോടെ നടക്കാനും വിറക് ശേഖരിക്കാനുയി വീടിന് സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഇറങ്ങിയതായിരുന്നു മൂപ്പത്തി. നാലുമണിക്ക് കൃത്യമായി വീട്ടിൽ എത്തുക പതിവുണ്ടായിരുന്ന വയോധിക സമയത്ത് എത്താതിരുന്നതിനാൽ വീട്ടുകാർ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വനംവകുപ്പിലും പോലീസിലും വിവരം നൽകി.
ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ രാത്രി തെരച്ചിൽ നടത്തിയെങ്കിലും ഒരു തുമ്പും കണ്ടെത്താനാകാത്തതിനാൽ പത്തുമണിയോടെ തെരച്ചിൽ നിർത്തി. ഇന്നലെ പുലർച്ചെ ഒന്നരയോടെ ആനത്താരയിൽ നിന്നും നായ്ക്കൾ കുരക്കുന്ന ശബ്ദം കേട്ട് ടോർച്ച് തെളിച്ചു നോക്കിയ ഉന്നതിയിലെ പഴനിയാണ് കുറ്റിക്കാട്ടിലൂടെ കൂരിരുട്ടിൽ കുനിഞ്ഞു നടന്നുവന്ന ചെല്ലിയെ കണ്ടത്. ഉടൻ നിവാസികളെ വിളിച്ചുകൂട്ടി മൂപ്പത്തിയെ വീട്ടിലേക്ക് കൊണ്ടുവന്ന് ബന്ധുക്കളെ ഏൽപ്പിച്ചു.
ൊ കുറ്റിക്കാട്ടിലൂടെ നടന്ന വൃദ്ധ വീട്ടിൽ നിന്നും 150 മീറ്ററോളം മാറി മുൾക്കാട്ടിൽ അകപ്പെടുകയായിരുന്നു. ശബ്ദമുണ്ടാക്കി ആളെ അറിയിക്കാൻ ശക്തിയുണ്ടായിരുന്നില്ല. മുള്ളുകൾ കൊണ്ട് ശരീരത്ത് മുറിവുകൾ ഉണ്ടായിട്ടുണ്ട്.ഒറ്റയ്ക്കും കൂട്ടായും ഭവാനിപ്പുഴയിലേക്ക് വെള്ളം കുടിക്കാൻ കാട്ടാനകൾ സ്ഥിരം സഞ്ചരിക്കുന്ന ആനത്താരയിലൂടെ ആയിരുന്നു ചെല്ലിമൂപ്പത്തി നടന്നുവന്നതെന്ന് പഴനി പറഞ്ഞു. ഭയം ഉണ്ടായില്ലെന്നും രാത്രി പുലി കടന്നുപോകുന്നത് കണ്ടെന്നും ആനകളെ ഒന്നിനെയും കണ്ടില്ലെന്നും മൂപ്പത്തി പറഞ്ഞു.