സെന്റ് ഡൊമിനിക്സ് സ്പെഷൽ സ്കൂളിന് അംഗീകാരം
1583704
Thursday, August 14, 2025 12:59 AM IST
മണ്ണാർക്കാട്: 2024 ലെ കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ സംസ്ഥാനതല അവാർഡിനാണ് മണ്ണാർക്കാട് സെന്റ് ഡൊമിനിക്സ് സ്പെഷൽ സ്കൂൾ അർഹമായത്. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് സ്കൂളിൽ നടത്തിവരുന്ന വിവിധ പദ്ധതികൾക്കുള്ള അംഗീകാരമായാണ് സംസ്ഥാനതലത്തിൽ സ്കൂളിന് രണ്ടാം സ്ഥാനം ലഭിച്ചത്.
സെന്റ് ഡൊമിനിക്സ് സ്പെഷൽ സ്കൂളിലെ പ്രത്യേക പരിഗണന ആവശ്യമായ 153 കുട്ടികൾ പഠിക്കുന്നുണ്ട്. കുട്ടികളുടെ ഉന്നമനത്തിനും സമഗ്രമായ വളർച്ചയ്ക്കും ആരോഗ്യ സംരക്ഷണത്തിനും മാനസികോല്ലാസത്തിനും പ്രാമുഖ്യം കല്പിച്ചുകൊണ്ട് അവരുടെ ജീവിതത്തിൽ ആവശ്യമായ ലൈഫ് സ്കിൽസ് വികസിപ്പിച്ചെടുക്കുക എന്ന ഉദ്ദേശത്തോടുകൂടി കാർഷിക മേഖലയിൽ കുട്ടികളെ പങ്കാളികളാക്കുകയാണ് ഈ പ്രവർത്തനത്തിലൂടെ ചെയ്യുന്നത്. പച്ചക്കറി, ഫലവൃക്ഷങ്ങൾ, മൃഗപരിപാലനം, ഔഷധസസ്യങ്ങൾ, മീൻ വളർത്തൽ എന്നിങ്ങനെ സംയോജിത കൃഷി രീതിയാണ് ഇവിടെ നടപ്പിലാക്കുന്നത്.
കൃഷിയുടെ ഓരോ വളർച്ചാ ഘട്ടങ്ങളിലും ജൈവവള പ്രയോഗങ്ങളാണ് നടത്തുന്നത്. പച്ചക്കറി കമ്പോസ്റ്റ്, ബയോഗ്യാസ് സ്ലറി, ചാണകപ്പൊടി, കോഴികാഷ്ഠം, മീൻ വളർത്തുന്ന ടാങ്കിൽ നിന്നുള്ള വെള്ളം എന്നിവ കൃഷിക്ക് ഫലപ്രദമായ രീതിയിൽ പ്രയോജനപ്പെടുത്തുന്നു. കുട്ടികളെ കൃഷിയിൽ ഏർപ്പെടുത്തുന്നത് വഴി സാമൂഹിക വൈകാരിക നൈപുണ്യങ്ങൾ, ഇന്ദ്രിയവികാസം, പ്രാഥമിക ഗാർഹിക തൊഴിൽ നൈപുണിവികാസം, കുട്ടികളിൽ ആത്മവിശ്വാസം, സഹനശീലം, ശ്രദ്ധ, ശാരീരിക മാനസിക വളർച്ചയ്ക്കുള്ള ഹോർട്ടിക്കൾച്ചറൽ തെറാപ്പിയുടെ ഭാഗമായി ഉപയോഗിക്കുന്നു.
സ്കൂൾ പരിസരത്ത് കൃഷി ചെയ്യുന്നതിലൂടെ ലഭിക്കുന്ന വിളവുകൾ കുട്ടികളുടെ ഭക്ഷണ ആവശ്യങ്ങൾക്ക് വേണ്ടി പ്രയോജനപ്പെടുത്തുകയാണ് ചെയ്യുന്നത്. ഈ സംഭാവനകളെല്ലാം പരിഗണിച്ചാണ് സ്കൂളിന് സംസ്ഥാന കാർഷിക വികസന കർഷക ക്ഷേമവകുപ്പിന്റെ അംഗീകാരം തേടിയെത്തിയത്.