വടക്കഞ്ചേരി ടൗണിൽ നിന്നുതിരിയാൻ ഇടമില്ല
1583706
Thursday, August 14, 2025 12:59 AM IST
വടക്കഞ്ചേരി: നിയമങ്ങളും തീരുമാനങ്ങളും കാറ്റിൽപറത്തി വടക്കഞ്ചേരി ടൗണിൽ അനധികൃത കച്ചവടങ്ങൾ തകൃതി. വിവിധ ആവശ്യങ്ങൾക്കായി ടൗണിൽ എത്തുന്നവർ വാഹനങ്ങൾക്കിടയിലൂടെ പ്രാണനടക്കിപിടിച്ച് വേണം നടക്കാൻ. മുമ്പൊക്കെ പാതയോരത്തായിരുന്നു കച്ചവടം. വൈകുന്നേരങ്ങളിലാണ് ഇത്തരം കച്ചവടക്കാർ പ്രത്യക്ഷപ്പെടുക.
എന്നാൽ ഇപ്പോൾ അതെല്ലാം മാറി രാവിലെമുതൽ തിരക്കേറിയ മെയിൻറോഡിൽ വാഹനങ്ങൾ നിർത്തിയിട്ടാണ് കച്ചവടം പൊടിപൊടിക്കുന്നത്. മുറികൾക്ക് വലിയ വാടകയും ഒരു ഡസനോളം ലൈസൻസുകളുമായി കച്ചവടം നടത്തുന്നവർക്കു മുന്നിലാണ് ഈ അനധികൃത കച്ചവടവും റോഡ് കൈയേറ്റങ്ങളും നടക്കുന്നത്. തിരക്കേറിയ മന്ദം ജംഗ്ഷനിൽ ഫുട്പാത്തുകളിലൂടെ നടക്കാൻ യാത്രക്കാർക്ക് ഇടമില്ല. ഫുട്പാത്ത് കൈയേറിയുള്ള സ്ഥിരകച്ചവടത്തിനു പുറമെ വാഹനങ്ങൾ തലങ്ങും വിലങ്ങും നിർത്തിയിട്ടും കച്ചവടമാണ്. ടാർ റോഡ് കല്ലുകൾ നിരത്തി അവകാശം സ്ഥാപിച്ചും കച്ചവടം നടക്കുന്നുണ്ട്.
ജീവിക്കാൻ വേണ്ടിയുള്ള കച്ചവടമല്ല ഇതിൽ ഭൂരിഭാഗവും. ഒരാളുടെതന്നെ പല കച്ചവട വാഹനങ്ങളുമുണ്ട്. രാഷ്ട്രീയ സ്വാധീനങ്ങൾക്കും താത്പര്യങ്ങൾക്കും മുൻഗണന നൽകുന്നതാണ് ടൗണിലെ സ്ഥിതി. ടൗണിൽ കോ-ഓപ്പറേറ്റിവ് ബാങ്കിനു സമീപത്തെ വളവിൽ ചുറ്റും കല്ലുകൾ വച്ച് സ്ഥലം സ്വന്തമാക്കിയിരിക്കുകയാണ്. വൈകുന്നേരം കച്ചവടം ആരംഭിക്കുന്നതിന് പകൽ മുഴുവൻ പല സാധനങ്ങൾ നിരത്തിവച്ച് സ്ഥലം ബുക്ക് ചെയ്യും.
ഇത്തരം പ്രവൃത്തികൾ ടൗൺ റോഡുകളിൽ പലയിടങ്ങളിലുമുണ്ട്. ടൗണിലെ അനധികൃത നടപടികൾക്കെതിരെ ഉടൻ നടപടി തുടങ്ങുമെന്ന പുതിയ തീരുമാനം എടുത്തത് ആറ് മാസം മുമ്പ് ഡിസംബറിലായിരുന്നു. അനധികൃത കൈയേറ്റങ്ങൾക്കെതിരെ നടപടി കടുപ്പിച്ചപ്പോൾ പലയിടത്തും ടാർ റോഡിൽ തന്നെയായി സ്ഥിരമായുള്ള കച്ചവടം. ടൗൺ റോഡിൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ജംഗ്ഷൻ മുതൽ ടിബി കവല, മന്ദം ജംഗ്ഷൻ, സുനിത ജംഗ്ഷൻ, തങ്കം ജംഗ്ഷൻ റോഡ് എല്ലായിടത്തുമുണ്ട് അനധികൃത നടപടികൾ.