ചിറ്റടി- മാപ്പിളപ്പൊറ്റ പുഴയ്ക്ക് കുറുകെ പുതിയ പാലം; നിർമാണനടപടി തുടങ്ങി
1583708
Thursday, August 14, 2025 12:59 AM IST
വടക്കഞ്ചേരി: മാപ്പിളപ്പൊറ്റ -ചീളി ചിറ്റടി റോഡിൽ മാപ്പിളപ്പൊറ്റ പുഴക്ക് കുറുകെ പുതിയ പാലം നിർമിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. ഇതിന്റെ ഭാഗമായി സർവേ ടീം സ്ഥലത്തെത്തി ലെവൽ പരിശോധന നടത്തി. അടുത്തദിവസം മണ്ണ് പരിശോധന നടക്കും.
വൈകാതെ പാലത്തിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങുമെന്ന് അധികൃതർ പറഞ്ഞു. നിലവിലുള്ള ചപ്പാത്തിനേക്കാൾ നാല് മീറ്റർ ഉയരത്തിൽ പുഴയിൽ പില്ലറുകൾ ഇല്ലാതെ 24 മീറ്റർ നീളത്തിലാണ് പുതിയ പാലം നിർമിക്കുക.
പുഴയ്ക്ക് കുറുകെ നന്നേ വീതി കുറഞ്ഞതും തീരെ ഉയരമില്ലാത്തതുമായ ഒരു ചപ്പാത്ത് മാത്രമാണ് ഇപ്പോഴുള്ളത്. ചെറിയ കാറുകൾക്ക് കഷ്ടിച്ച് കടന്നുപോകാവുന്ന ചപ്പാത്താണിത്. നല്ല മഴപെയ്താൽ ചപ്പാത്ത് മുങ്ങിയാണ് പുഴ ഒഴുകുക.
കെ.ഡി. പ്രസേനൻ എംഎൽഎയുടെ ശ്രമഫലമായാണ് നാട്ടുകാരുടെ പതിറ്റാണ്ടുകളായുള്ള മുറവിളിക്ക് സാക്ഷാത്കാരമാകുന്നത്. സ്വപ്നം യാഥാർഥ്യത്തിലേക്ക് നീങ്ങുന്നതിന്റെ സന്തോഷത്തിലാണ് മലയോര കർഷകരും.
പാലം യഥാർഥ്യമായാൽ കിഴക്കഞ്ചേരി, വണ്ടാഴി പഞ്ചായത്തിലുള്ളവർക്ക് അടിപ്പെരണ്ട, ഒലിപ്പാറ പ്രദേശങ്ങളിലേക്ക് പോകാനും സമീപപഞ്ചായത്തായ അയിലൂരിലേക്ക് കടക്കാനും എളുപ്പമാർഗമാകും.
ഇതുവഴി ബസ് സർവീസുകളും ആരംഭിക്കാനാകും. പാലം നിർമാണത്തിനായി സംസ്ഥാനസർക്കാർ കഴിഞ്ഞ ബജറ്റിൽ ഒന്നരക്കോടി രൂപ മാറ്റിവച്ചിരുന്നു. ഇരുഭാഗത്തെയും റോഡ് ലെവലിലാകും പുതിയ പാലം. ബസ് സർവീസ് ഇല്ലാത്ത റോഡിൽ ഈ ചപ്പാത്തിനടുത്തുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തെക്കുറിച്ച് കഴിഞ്ഞ വെള്ളിയാഴ്ച ദീപികയിൽ പടം സഹിതം വാർത്ത നൽകിയിരുന്നു.
പുതിയപാലം വരുന്നതോടെ ഈ ബസ് കാത്തിരിപ്പ് കേന്ദ്രം പാലത്തിന്റെ അടിയിലാകും. അതിനാൽ കാത്തിരിപ്പുകേന്ദ്രം പൊളിച്ചു മാറ്റേണ്ടി വരും. കാലപ്പഴക്കത്തിൽ കാത്തിരിപ്പു കേന്ദ്രം അപകടഭീഷണിയിലുമാണെന്ന് സമീപവാസിയായ ആലപ്പാട്ട്കുന്നേൽ ജോസ് പറഞ്ഞു.