ഉത്പാദന ചെലവിലെ വർധനവും നെല്ലുസംഭരണത്തിലെ പാളിച്ചകളും; കൃഷിഭൂമി തരിശിട്ട് കർഷകർ
1596630
Saturday, October 4, 2025 1:14 AM IST
വടക്കഞ്ചേരി: ഉത്പാദനചെലവ് കൂടിയതും സംഭരണ സംവിധാനങ്ങളിലെ പാളിച്ചകളും മൂലം നെൽപ്പാടങ്ങൾ തരിശിട്ട് കർഷകർ. കൃഷി ചെയ്ത് അതിൽ നിന്നുള്ള വരുമാനം കണക്കുകൂട്ടുമ്പോൾ ഭൂമി തരിശിടുകയാണ് ഇപ്പോഴത്തെ സ്ഥിതിയിൽ ലാഭകരമെന്ന് കർഷകർ പറയുന്നു.
ഉത്പന്നത്തിന് ന്യായമായ വില ഉറപ്പാക്കി അത് ഉത്പന്നം വിൽക്കുമ്പോൾ തന്നെ കർഷകർക്ക് അതിന്റെ വില ലഭിക്കുമെന്ന് ഉറപ്പാക്കിയാൽ മറ്റു പ്രോത്സാഹനങ്ങളൊന്നുമില്ലെങ്കിലും കർഷകർ നെല്ല് ഉൾപ്പെടെ ഏത് കൃഷിയും ചെയ്യും. എന്നാൽ അത്തരം കൃഷി പ്രോത്സാഹന നടപടികളൊന്നും സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല.
വന്യമൃഗശല്യം രൂക്ഷമായതിനെ തുടർന്ന് മലയോര മേഖലയിൽ നിരവധി തോട്ടങ്ങളാണ് കൃഷി ചെയ്യാതെ പൊന്തക്കാടായി മാറിയിട്ടുള്ളത്. നാട്ടിലെവിടേയും പന്നികൾ പെരുകിയതിനാൽ സംരക്ഷണ ചെലവ് കൂടി കിഴങ്ങ് വർഗ കൃഷികൾ അപൂർവമായി. നെൽപ്പാടങ്ങളിലും പന്നിശല്യം അതിരൂക്ഷമാണ്. നെൽകൃഷിക്കായി നിലം ഒരുക്കുന്നതു മുതൽ പ്രതീക്ഷിക്കാത്ത ചെലവുകളാണ്. ഞാറിടൽ, നിലം ഒരുക്കൽ, നടീൽ, കള പറിക്കൽ, വളം ചേർക്കൽ, കൊയ്ത്ത് ചെലവ് എല്ലാ കടമ്പകളും കടന്ന് നെല്ല് ചാക്കിലാക്കിയാൽ പിന്നെ വില്്പനയ്ക്കുള്ള നെട്ടോട്ടം വേണം.
ഏറെ വർഷങ്ങളായി നെല്ല് സംഭരണ നടപടികൾ താളം തെറ്റിയ നിലയിലാണ്. അധ്വാനിച്ചുണ്ടാക്കിയ നെല്ലുവിറ്റാൽ പിന്നെ ബാങ്കിൽ നിന്നും വായ്പയെടുക്കുന്ന മട്ടിലാണ് നെല്ലുവില ലഭിക്കുന്നത്. അതും യഥാസമയം ലഭ്യമല്ല. സംഭരണനടപടികൾ വല്ലാതെ വൈകുന്നതിനാൽ കരപ്പാടങ്ങളിലെ കർഷകർക്ക് ഈ സംവിധാനങ്ങൾ പ്രയോജനപ്പെടുന്നുമില്ല. കിട്ടിയ വിലയ്ക്ക് സ്വകാര്യമില്ലുകളിൽ നെല്ല് വിൽക്കണം. കിലോയ്ക്ക് എട്ടും പത്തും രൂപ താഴ്ത്തി നെല്ലുവിൽക്കേണ്ട ഗതികേടിലാണ് കർഷകർ. ഇടയ്ക്കിടെയുള്ള മഴമൂലം നെല്ല് സൂക്ഷിക്കാനാവാത്ത സ്ഥിതിയിൽ കുറഞ്ഞ വിലയ്ക്ക് നെല്ലു വിറ്റ് നഷ്ടങ്ങൾ സഹിച്ചാണ് ശിക്ഷിക്കുന്ന കർഷകർ കൃഷി മുന്നോട്ടു കൊണ്ടുപോകുന്നത്.
ഈ രീതിയിൽ കർഷക അവഗണന തുടർന്നാൽ തരിശിടുന്ന ഭൂമിയുടെ വിസ്തൃതി ഓരോ കൃഷിഭവനു കീഴിലും വലിയ തോതിലാകുമെന്നാണ് വിലയിരുത്തൽ. ഓരോ പൂ കൃഷിയുടെയും കൊയ്ത്ത് എപ്പോൾ നടക്കും എന്നൊക്കെ നേരത്തെ തന്നെ അറിയാമെന്നിരിക്കെ സംഭരണവും അതിന്റെ വിലയും കർഷകർക്ക് നൽകാൻ മാസങ്ങളേറെ വൈകുന്നതിലെ സർക്കാരിന്റെ കർഷക സ്നേഹം കർഷകദ്രോഹമായി മാറിയിരിക്കുകയാണ്.