കാട്ടൂരിലെ കുടിവെള്ള മലിനീകരണം: തുടര്‍നടപടികള്‍ നീളുന്നു
1596640
Saturday, October 4, 2025 1:14 AM IST
കാട്ടൂര്‍: പഞ്ചായത്തിലെ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് പ്രദേശത്തെ കുടിവെള്ളമലിനീകരണം സംബന്ധിച്ച് ഏതാനും ദിവസംമുമ്പ് മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന യോഗത്തിലെ തീരുമാനങ്ങള്‍ നടപ്പിലാകാന്‍ വൈകുന്നതില്‍ നാട്ടുകാർക്ക് അമര്‍ഷം.
സെപ്റ്റംബര്‍ 23 നു കാട്ടൂരില്‍ നടന്ന യോഗത്തില്‍ മന്ത്രി ഡോ.ആര്. ബിന്ദു നിരവധി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നുവെങ്കിലും തുടര്‍നടപടികളില്‍ മെല്ലെപ്പോക്കാണ്. പണമടച്ചിട്ടും തൃശൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജ് നടത്തിയ മണ്ണുപരിശോധനാ റിപ്പോര്‍ട്ട് ഇനിയും ലഭിച്ചിട്ടില്ല.
എന്‍ജിനീയറിംഗ് കോളജിലെ വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിച്ച് ശേഖരിച്ച മണ്ണ് ചെന്നൈയിലെ ലാബിലാണ് പരിശോധിച്ചത്. ഫലം തയാറാണെന്നും പണമടച്ചാല്‍ ലഭ്യമാകുമെന്നുമായിരുന്നു എന്‍ജിനീയറിംഗ് കോളജില്‍നിന്നു പഞ്ചായത്തിനെ അറിയിച്ചിരുന്നത്. ഇതനുസരിച്ച് സെപ്റ്റംബര്‍ 19നു പണമടച്ചെങ്കിലും റിപ്പോര്‍ട്ട് ഇതുവരെ പഞ്ചായത്തിനു ലഭിച്ചിട്ടില്ല. ഈ റിപ്പോര്‍ട്ടുകൂടി പരിശോധിച്ചശേഷം പ്രദേശത്തെ കുടിവെള്ളപ്രശ്നമടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാനാണ് പഞ്ചായത്ത് നീക്കം.
ജൂലൈ ആദ്യവാരത്തില്‍ മന്ത്രി ഡോ.ആര്. ബിന്ദുവിന്റെ നേതൃത്വത്തില്‍ പഞ്ചായത്ത് ഹാളില്‍ നടന്ന അവലോകനയോഗത്തിലാണ് സിഡ്കോയുടെ കീഴിലുള്ള മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ കുടിവെള്ളസ്രോതസുകളില്‍ രാസമാലിന്യം കണ്ടെത്തിയതിനെക്കുറിച്ച് പഠിക്കാനും പ്രദേശത്തെ മണ്ണ് പരിശോധിക്കാനും തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ അവസാനത്തിലാണ് ഗവ. എന്‍ജിനീയറിംഗ് കോളജിലെ എന്‍വയണ്‍മെന്റ്, കെമിക്കല്‍ വിഭാഗങ്ങളിലെ വിദഗ്ധര്‍ എത്തി പരിശോധനയ്ക്കായി മണ്ണ് ശേഖരിച്ചത്.
കോഴിക്കോട് സിഡബ്ല്യുആര്‍ഡിഎം പഞ്ചായത്തിനു കൈമാറിയ ജലപരിശോധനാഫലത്തില് ട്രീറ്റഡ് എഫ്ലുവെന്റില് സിങ്ക്, കെമിക്കല്‍ ഓക്സിജന്‍ ഡിമാന്‍ഡ് എന്നീ ഘടകങ്ങള്‍ കൂടുതലായി കാണുന്നുണ്ട്. അതിന്റെ കൃത്യമായ സ്രോതസും കാരണവും ശാസ്ത്രീയമായി കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന നടത്താനും ഫലം വരുംവരെ ആരോപണവിധേയമായ രണ്ടു സ്ഥാപനങ്ങള്‍ താത്കാലികമായി പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാനും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് മന്ത്രി ഡോ. ബിന്ദു വ്യവസായവകുപ്പിനു കത്ത് നല്‍കിയിട്ടുണ്ട്. പ്രശ്നപരിഹാരത്തിനായി വ്യവസായവകുപ്പിനും സിഡ്കോയ്ക്കും പഞ്ചായത്തും കത്തു നല്‍കിയിട്ടുണ്ട്. എന്നാല്‍, ഇതിലും നടപടിയായിട്ടില്ല. ഇപ്പോഴും ഈ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നുണ്ട്.
മലിനീകരണ ബോര്‍ഡിന്റെ നിബന്ധനകള്‍ക്ക് അനുസൃതമായി കൃത്യമായ മാലിന്യസംസ്കരണ പ്രവര്‍ത്തനങ്ങള്‍ ഈ കമ്പനികളില്‍ നടക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ ബന്ധപ്പെട്ട വകുപ്പുകളുടെ സംയോജിതപരിശോധന നടത്തുമെന്ന് ഉറപ്പുനല്‍കിയെങ്കിലും ഇതുവരെയും പരിശോധന നടന്നിട്ടില്ല.