നെല്ലുണക്കാൻ സൗകര്യമില്ല; മഴയിൽ നനഞ്ഞ നെല്ല് ഉണക്കിയെടുക്കാൻ പെടാപ്പാട്
1596631
Saturday, October 4, 2025 1:14 AM IST
നെന്മാറ: കൊയ്ത്ത് ആരംഭിച്ചതോടെ കൊയ്തെടുത്ത നെല്ല് ഉണക്കിയെടുക്കാൻ കഴിയാതെ കർഷകർ. കൊയ്ത്ത് നടക്കുന്ന സമയത്തും പിന്നീട് ഇടയ്ക്കിടെയും ഉണ്ടായ മഴയാണ് നെല്ല് ഉണക്കിയെടുക്കാൻ ബുദ്ധിമുട്ടുണ്ടാക്കുന്നത്. കഴിഞ്ഞ കുറച്ചുദിവസമായി ന്യൂനമർദ്ദം മൂലം രാപ്പകൽഭേദമില്ലാതെ തന്നെ ഇടയ്ക്കിടെ പെയ്യുന്ന മഴയാണ് കൊയ്ത്ത് കഴിഞ്ഞ കർഷകർക്ക് വിനയായത്.
പോത്തുണ്ടി, അകമ്പാടം മേഖലയിലെ കർഷകരാണ് കൊയ്തെടുത്ത നെല്ലുണക്കാൻ സ്ഥലമില്ലാതെ റോഡരികിനെ ആശ്രയിക്കുന്നത്. പോത്തുണ്ടി ഉദ്യാനത്തിന് സമീപത്തെ റോഡരികിൽ പ്ലാസ്റ്റിക് ഷീറ്റുകൾ ഇട്ടാണ് നെല്ല് മഴ നനയാതെ പൊതിഞ്ഞു കെട്ടി സൂക്ഷിച്ചിരിക്കുന്നത്. പകൽസമയത്ത് ലഭിക്കുന്ന വെയിലിൽ റോഡരികിലും പ്ലാസ്റ്റിക് ഷീറ്റുകളിലും പരത്തി ഉണക്കിയെടുക്കുന്ന തിരക്കിലാണ് മേഖലയിലെ കർഷകർ.
ഉണങ്ങാൻ ഇട്ടശേഷം ഇടയ്ക്ക് വരുന്ന മഴ ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നതായി കർഷകർ പറഞ്ഞു. പരത്തിയിട്ട് നെല്ല് വീണ്ടും കൂട്ടിവച്ച് മൂടിയിടുകയും ഉണങ്ങാൻ ഇടാനുള്ള സ്ഥലം വെള്ളംതോർന്ന് കിട്ടുന്നതുവരെ വീണ്ടും കാത്തിരിക്കേണ്ടി വരുന്നതും മൂലം നെല്ല് ഉണക്കിയെടുക്കാൻ ദിവസങ്ങൾ വേണ്ടിവരുന്നു. ഈർപ്പം ഉള്ള നെല്ലായതിനാൽ പതിരും പൊടികളും പൂർണമായും വേർതിരിച്ചു കിട്ടാനും പ്രയാസമാണ്.
രാത്രിനേരത്തും റോഡരികിൽ തന്നെ പ്ലാസ്റ്റിക് ഷീറ്റുകൾ ഉപയോഗിച്ച് മൂടിവയ്ക്കുകയാണ് ചെയ്യുന്നതെന്ന് പോത്തുണ്ടിയിലെ കർഷകനായ വില്വാദ്രിനാഥൻ പറഞ്ഞു. കളപ്പുരകളിൽ ആവശ്യത്തിന് സ്ഥലം ഇല്ലാത്തതും മരങ്ങളും തെങ്ങുകളും നിൽക്കുന്നതിനാൽ സൂര്യപ്രകാശം നേരിട്ട് ലഭിക്കാത്തതും മൂലമാണ് കർഷകർ റോഡരികിനെ ആശ്രയിക്കുന്നത്. നെല്ലിലെ ഈർപ്പം പൂർണമായി മാറ്റാൻ കഴിയാത്തതിനാൽ ചെറിയതോതിൽ നെല്ലിന് നിറം മാറ്റവും ഗന്ധവും അനുഭവപ്പെടാൻ തുടങ്ങി.
കൊയ്ത്തു മെതിയന്ത്രത്തിൽ കൊയ്ത നെല്ലാണെങ്കിലും നെല്ലിലെ ഈർപ്പം പൂർണമായും മാറി കിട്ടിയിട്ടില്ല. സപ്ലൈകോ നെല്ല് സംഭരണത്തിന് കർഷക രജിസ്ട്രേഷൻ ആരംഭിച്ചെങ്കിലും നെല്ല് സംഭരണത്തിന് മില്ലുകളുമായുള്ള ഉടമ്പടി ഒപ്പുവയ്ക്കുകയോ പുതുക്കിയ വില സർക്കാർ പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല. ഇത് കർഷകർക്ക് ദീർഘകാലം നെല്ല് ഉണക്കി സൂക്ഷിക്കേണ്ടിവരുമെന്ന ആശങ്ക ഉണ്ടാക്കുന്നു.