വായനശാല കുടിയൊഴിപ്പിക്കൽ: അക്ഷരമെഴുതി പ്രതിഷേധം
1596636
Saturday, October 4, 2025 1:14 AM IST
പാലക്കാട്: ‘പാലക്കാടിന്റെ സാംസ്കാരിക സ്പന്ദനമായ പബ്ലിക് ലൈബ്രറി ഒരിക്കലും ഇവിടെ നിന്നും മാറ്റരുതെന്ന് പ്രാർഥിച്ചുകൊണ്ട് പ്രതിഷേധത്തിന്റെ ഒരു ജ്വാല ഇവിടെ കൊളുത്തിയിടുന്നു’. സുൽത്താൻപേട്ട പബ്ലിക് ലൈബ്രറിയെ കുടിയിറക്കാനുള്ള നഗരസഭാ നീക്കത്തിനെതിരേ വിജയദശമിദിനത്തിൽ ലൈബ്രറിക്കുമുന്നിൽ അക്ഷരമെഴുതിയുള്ള പ്രതിഷേധം ഉദ്ഘാടനംചെയ്ത് ആഷാമേനോൻ കുറിച്ചിട്ട വരികളാണിത്.
കോണ്‍ഗ്രസ്് പോഷക സംഘടനകളായ ശാസ്ത്രവേദി, വിചാർ വിഭാഗ്, സംസ്കാര സാഹിതി, ഓൾ ഇന്ത്യ പ്രെഫഷണൽ കോണ്‍ഗ്രസ് എന്നിവർ സംയുക്തമായാണ് പ്രതിഷേധ അക്ഷരമെഴുത്ത് സംഘടിപ്പിച്ചത്.
നഗരത്തിന്റെ സാംസ്കാരിക ജീവിതത്തിന്റെയും സാംസ്കാരിക സ്വഭാവത്തിന്റെയും സ്പന്ദമാണ് സുൽത്താൻപേട്ട ലൈബ്രറി. ഈ ലൈബ്രറി ഇല്ലാതാവുന്നു എന്ന് പറയുന്പോൾ മനസിൽ അന്ധതയാണ് ഉണ്ടാകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
പകരം നൽകാൻ പോകുന്ന സ്ഥലം ഒരിക്കലും അഭികാമ്യമാവില്ല. വേറെ പല സൗകര്യങ്ങൾക്കും വേണ്ടിയാണ് ലൈബ്രറി മാറ്റുന്നത്. ലൈബ്രറി ആർക്കും ഒരു ബുദ്ധിമുട്ടുണ്ടാക്കുന്നില്ല അതുകൊണ്ട് മാറ്റേണ്ടതുമില്ല.
നഗരസഭ കാതോർക്കുമെന്നു വിശ്വസിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈബ്രറിയുടെ സംരക്ഷണം ഉറപ്പാക്കുന്നതിനും തുടർ ഇടപെടലുകൾക്കും ‘സുൽത്താൻപേട്ട ലൈബ്രറി റീഡേഴ്സ് ഫോറം’ എന്ന പേരിൽ കൂട്ടായ്മ രൂപീകരിച്ചു. ഡോ. ലക്ഷ്മി ആർ. ചന്ദ്രൻ അധ്യക്ഷയായി. പി.എം. ശ്രീവത്സൻ സ്വാഗതം പറഞ്ഞു.
ബോബൻ മാട്ടുമന്ത, കൗണ്‍സിലർമാരായ ഷജിത് കുമാർ, സുഭാഷ്, അഡ്വ. പ്രേംനാഥ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് സി.വി. സതീഷ്, ഹരിദാസ് മച്ചിങ്ങൽ, അഡ്വ. ഗിരീഷ് നൊച്ചുള്ളി, കെ.വി. ജയൻ, രാജു, സുഗതൻ, മൻമോഹൻ, രവീന്ദ്രൻ, അസീസ് മാസ്റ്റർ, റോബിൻസണ്‍ തുടങ്ങിയവർ പ്രസംഗിച്ചു.