ഒന്‍പതുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്
1596635
Saturday, October 4, 2025 1:14 AM IST
പാലക്കാട്: ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് ഒന്‍പതുകാരിയുടെ കൈ മുറിച്ചുമാറ്റിയ സംഭവത്തിൽ അടിയന്തര അന്വേഷണവും നടപടിയും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്. കൈ ഒടിഞ്ഞതിനു ചികിത്സ തേടിയെത്തിയ ഒന്പതുവയസുകാരിക്കു മതിയായ ചികിത്സ നൽകാതെ കുറ്റകരമായ അനാസ്ഥ കാണിച്ച ചിറ്റൂർ താലൂക്ക് ആശുപത്രിയിലെയും ജില്ലാ ആശുപത്രിയിലെയും ഡോക്ടർമാർക്കെതിരേയും ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്കെതിരേയും അടിയന്തരമായി അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ശ്യാം ദേവദാസ് മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, മനുഷ്യാവകാശ കമ്മീഷൻ, ബാലവകാശ കമ്മീഷൻ എന്നിവർക്കു പരാതി നൽകിയത്.
കുട്ടിയോട് കാണിച്ചതു കടുത്ത അനീതിയാണെന്നും നിർധനകുടുംബത്തിന് അത്താണിയാവേണ്ട സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥത മൂലം പെൺകുട്ടിയുടെ ജീവൻതന്നെ അപകടത്തിലായ സ്ഥിതിയാണ്. കുട്ടിയുടെ കുടുംബത്തിനു സർക്കാർ സംരക്ഷണം ഉറപ്പാക്കണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു.