മാർ ജേക്കബ് തൂങ്കുഴി മനുഷ്യമനസുകളെ കീഴടക്കിയ പിതാവ്: മാർ താഴത്ത്
1596641
Saturday, October 4, 2025 1:14 AM IST
തൃശൂർ: താമരശേരിയിൽനിന്നു തൃശൂരിലെത്തി മനുഷ്യമനസുകളെ കീഴടക്കിയ പിതാവായിരുന്നു മാർ ജേക്കബ് തൂങ്കുഴിയെന്ന് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്. മാർ ജേക്കബ് തൂങ്കുഴി അനുസ്മരണദിനമായ ഇന്നലെ ലൂർദ് കത്തീഡ്രൽ ഹാളിൽ നടന്ന അനുശോചനയോഗത്തിൽ അധ്യക്ഷത വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എല്ലാവരെയും കേൾക്കുകയും വളരെ മിതമായി സംസാരിക്കുകയും തീരുമാനങ്ങൾ ദൈവത്തിനു വിട്ടുകൊടുക്കുകയും ചെയ്ത തൂങ്കുഴിപ്പിതാവ് തൃശൂരിനെ വന്നു കണ്ടു കീഴടക്കിയതും ഈ മനോഭാവത്താലാണ്. പത്തുവർഷത്തോളം സ്ഥാനമേറ്റെടുത്തും റിട്ടയർ ചെയ്തിട്ടും 18 വർഷക്കാലവും ശുശ്രൂഷ ചെയ്ത പ്രാർഥനയുടെ മനുഷ്യനും ആത്മീയാചാര്യനുമായിരുന്ന പിതാവ് എല്ലാവർക്കും പ്രചോദനം പകരുന്നതിൽ മുൻപന്തിയിലുണ്ടായിരുന്നു. വ്യക്തിപരമായി എല്ലാവരെയും വളർത്തുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്ന പിതാവ് നല്ല ഓർമയും മാതൃകയുമാണ് തൃശൂരിനു സമ്മാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.
അജപാലനശുശ്രൂഷയ്ക്ക് പുതിയ ഭാഷ്യം സമ്മാനിച്ച, കരുണയുടെയും സാന്ത്വനത്തിന്റെയും പ്രാർഥനയുടെയും അതിരറ്റ ഹാസ്യത്തിന്റെയും പിതാവായിരുന്നു മാർ ജേക്കബ് തൂങ്കുഴിയെന്നു മന്ത്രി കെ. രാജൻ പറഞ്ഞു. ഏറ്റവും സരളമായി, ഏറ്റവും കരുണയോടെ പ്രാർഥനയാണ് ഏറ്റവും വലിയ മരുന്ന് എന്ന് എല്ലാവരെയും പഠിപ്പിച്ച, എത്ര സങ്കീർണമായ വിഷയത്തിലും ഹാസ്യത്തോടെ മറുപടി നൽകിയിരുന്ന അദ്ദേഹം അടുത്ത സുഹൃത്തും പിതൃതുല്യനുമായിരുന്നു.
സൗമ്യദീപ്തവും പരിപക്വവുമായ വ്യക്തിജീവിതത്തിന്റെ ധവളശോഭ മറ്റുള്ളവരിലേക്കു പ്രകാശിപ്പിച്ച, ദാർശനികതയുടെയും ആത്മീയതേജസിന്റെയും ചൈതന്യമായിരുന്നു തൂങ്കുഴിപ്പിതാവെന്നു മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു.
ബിഷപ് മാർ ബോസ്കോ പുത്തൂർ, തൃശൂർ അതിരൂപത സഹായമെത്രാൻ മാർ ടോണി നീലങ്കാവിൽ, യാക്കോബായ സിറിയൻ സഭ തൃശൂർ ഭദ്രാസനാധ്യക്ഷൻ കുര്യാക്കോസ് മോർ ക്ലിമീസ്, മേയർ എം.കെ. വർഗീസ്, എംഎൽഎമാരായ പി. ബാലചന്ദ്രൻ, സനീഷ് കുമാർ ജോസഫ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, എസിപി കെ.ജി. സുരേഷ്, മുഹമ്മദ് ഫൈസി ഓണംപിള്ളി, ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് ടി.എസ്. പട്ടാഭിരാമൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പ്രതിനിധിയായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ, ക്രിസ്തുദാസി സിസ്റ്റേഴ്സ് മദർ ജനറൽ സിസ്റ്റർ ടീന, തിരുവമ്പാടി, പാറമേക്കാവ് ദേവസ്വം സെക്രട്ടറിമാരായ കെ. ഗിരീഷ് കുമാർ, ജി. രാജേഷ്, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ജോഷി വടക്കൻ, രാജൻ പല്ലൻ, മാർ തൂങ്കുഴിയുടെ സഹോദരപുത്രൻ സ്കറിയ തൂങ്കുഴി എന്നിവരും അനുസ്മരണപ്രഭാഷണം നടത്തി.
തൂങ്കുഴിപ്പിതാവിനു അശ്രുപൂജയായി അർപ്പിക്കപ്പെട്ട 615 സാരികൾ, വസ്ത്രങ്ങൾ, വെള്ളമുണ്ട്, ബെഡ്ഷീറ്റ്, ചുരിദാർ മെറ്റീരിയൽ , ബാത്ത് ടവൽ, കുട്ടികളുടെ ഉടുപ്പുകൾ എന്നിവയടങ്ങുന്ന ബോക്സുകൾ വിവിധ സംഘടനകൾക്കു കൈമാറി.
നേരത്തേ നടന്ന വിശുദ്ധ കുർബാന, ഒപ്പീസ് എന്നിവയ്ക്ക് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്ത്, ബിഷപ്പുമാരായ മാർ ബോസ്കോ പുത്തൂർ, മാർ ടോണി നീലങ്കാവിൽ, കുരിയാക്കോസ് മോർ ക്ലിമീസ് തുടങ്ങിയവർ കാർമികത്വം വഹിച്ചു.