മരണാനന്തരചടങ്ങിൽ പങ്കെടുത്ത് ഭക്ഷണം കഴിച്ച 25 പേർക്കു ഭക്ഷ്യവിഷബാധ
1596637
Saturday, October 4, 2025 1:14 AM IST
വണ്ടിത്താവളം: പെരുമാട്ടി പനയിടിയൻചള്ളയിൽ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത 25 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ചിറ്റൂരിലെ സ്വകാര്യ കാറ്ററിംഗ് സ്ഥാപനത്തിൽ നിന്നുമെത്തിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റത്.
പനയിടിയൻചള്ളയിലെ വീട്ടിൽ വ്യാഴാഴ്ച രാത്രി നടന്ന ചടങ്ങിൽ പങ്കെടുത്ത 28 പേരിൽ 25 പേർക്കും ഭക്ഷ്യ വിഷബാധയേറ്റു. വീട്ടിൽ ഉച്ചഭക്ഷണവും രാത്രിയിലെ ഭക്ഷണവും ഒരുക്കിയിരുന്നു. ഇതിൽ രാത്രി ഒരുക്കിയിരുന്ന ഭക്ഷണത്തിൽ ബ്രോയിലർ ചിക്കൻ കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. രാത്രി വീട്ടിലെത്തിയതോടെ അസ്വസ്ഥത ഉണ്ടാവുകയും തുടർന്ന് ഛർദ്ദിയും വയറിളക്കവും ഉണ്ടായി. മെഡിക്കൽ ഷോപ്പിൽ നിന്നും വാങ്ങിയ ഗുളിക കഴിച്ചിട്ടും മാറ്റം ഉണ്ടാവാത്ത തുടർന്ന് ആശുപത്രിയിൽ പോകുകയായിരുന്നു. ചിറ്റൂരിലെ സ്വകാര്യ ആശുപത്രിയിലും, നെല്ലിമേട് കുടുംബാരോഗ്യ കേന്ദ്രത്തിലും, മണ്ണാർക്കാട്, എടത്തനാട്ടുകര സ്വദേശികൾ മണ്ണാർക്കാട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി.
എല്ലാവർക്കും ഭക്ഷ്യവിഷബാധയേറ്റതായാണ് ഡോക്ടറുടെ സ്ഥിരീകരണം. ചികിത്സ തേടിയവർ കഴിഞ്ഞദിവസം നഗരസഭ ആരോഗ്യ വിഭാഗത്തിൽ പരാതി നൽകിയതിനെ തുടർന്ന് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്നലെ കാറ്ററിംഗ് സ്ഥാപനത്തിൽ പരിശോധന നടത്തി. സ്ഥാപനത്തിൽ വൃത്തിഹീനമായ സാഹചര്യമൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാൽ സ്ഥാപനത്തിനു ലൈസൻസ് ഇല്ലാത്തതിനാൽ നഗരസഭ നിർദേശിക്കുന്ന മാനദണ്ഡങ്ങൾ പ്രകാരം ലൈസൻസ് എടുത്ത ശേഷം പ്രവൃത്തി ആരംഭിച്ചാൽ മതിയെന്ന നിർദേശം നൽകിയിട്ടുണ്ടെന്ന് നഗരസഭ ആരോഗ്യവിഭാഗം അധികൃതർ അറിയിച്ചു.