നല്ലേപ്പിള്ളി പാടശേഖരങ്ങളിൽ ഒന്നാംവിള കൊയ്ത്ത് ആരംഭിച്ചു
1596632
Saturday, October 4, 2025 1:14 AM IST
ചിറ്റൂർ: നല്ലേപ്പിള്ളിൽ ഒന്നാംവിള കൊയ്ത്തിനു തുടക്കമായി. മൂപ്പുകുറഞ്ഞ വിത്തിനമായ ടിപിഎസ് - 5 ഇനം നെൽച്ചെടികളാണ് വിളവെടുപ്പിനു പാകമായത്. 120 ദിവസം മൂപ്പുള്ള വിത്തിനം ഞാറുപാകി 25 ദിവസത്തിനുള്ളിൽ പറിച്ചുനടീൽ കഴിഞ്ഞതാണ് കൊയ്ത്തിനു പാകമായത്. മഴ ഇടവിട്ടുനിന്നതു കൊയ്ത്തിനും നെല്ല് ഉണക്കാനും അനുഗ്രഹമായി. മൂപ്പുകൂടിയ വിത്തിനമായ ഉമ, ഭദ്ര തുടങ്ങിയ വിത്തിനങ്ങളേക്കാൾ ഒരുമാസം മൂപ്പ് കുറവാണ് ടിപിഎസ് 5 ന് മറ്റുള്ള വിത്തിനെക്കാൾ കൃഷിച്ചെലവും കുറവാണ്. കൊയ്ത്തുകഴിഞ്ഞ പാടങ്ങളിൽ വെള്ളം ഇറക്കി ഉഴുതുമറിച്ച് കൊഴിഞ്ഞുവീണ നെല്ല് മുളച്ചതിനുശേഷം ഒക്ടോബർ 10 - 12 നുള്ളിൽ രണ്ടാംവിളയ്ക്കു ഞാറ്റടി തയാറാക്കണം.
കഴിഞ്ഞ ഒന്നാംവിള വിത്തിറക്കൽമുതൽ പ്രതിസന്ധിയിലാണ് കർഷകർ. മഴമൂലം ഞാറ്റടി നശിക്കൽ, വീണ്ടും ഞാറ്റടി തയാറാക്കൽ, പന്നിശല്യം, നടീൽ കഴിഞ്ഞതിനുശേഷം പന്നിശല്യം, കളശല്യം, ചാഴിശല്യം, കതിരായ ശേഷവും പന്നിശല്യം, കീടരോഗബാധ തുടങ്ങിയവയെ പ്രതിരോധിച്ചാണ് നെൽകർഷകർ വിളയിറക്കുന്നത്. രാസവളത്തിന്റെ വിലക്കയറ്റവും പ്രതിസന്ധിയിലാക്കിയെന്ന് നല്ലേപ്പിള്ളിയിലെ നെൽകർഷകനും നരിചിറ പാടശേഖരസമിതി സെക്രട്ടറിയുമായ വി. രാജൻ അറിയിച്ചു.