നഗരസഭയിലെ ഫണ്ട് തട്ടിപ്പ് : 14 പ്രതികൾക്കും ജാമ്യം, അറസ്റ്റിൽ നടപടിക്രമം പാലിച്ചില്ലെന്നു കോടതി
1580480
Friday, August 1, 2025 6:46 AM IST
തിരുവനന്തപുരം: നഗരസഭയിൽ നിന്നു പട്ടികജാതി-പട്ടികവർഗ വിഭാഗത്തിലെ സ്ത്രീകൾക്ക് സംരംഭങ്ങൾ തുടങ്ങാൻ അനുവദിച്ച സബ്സിഡി തുക ഫണ്ട് തട്ടിപ്പു നടത്തിയ കേസിലെ കോർപറേഷൻ ജീവനക്കാർ അടക്കമുള്ള 14 പ്രതികൾക്കും ജാമ്യം.
തിരുവനന്തപുരം പ്രത്യേക വിജിലൻസ് കോടതിയുടെതാണ് ഉത്തരവ്. അറസ്റ്റ് ചെയ്യുന്ന സമയത്തു പാലിക്കേണ്ട നിയമ നടപടികൾ പാലിക്കാത്തതിനാലാണ് പ്രതികൾക്ക് ജാമ്യം അനുവദിച്ചത്. അന്വേഷണ ഏജൻസിക്ക് വേണമെങ്കിൽ വീണ്ടും ശരിയായ നടപടിക്രമം പാലിച്ച ശേഷം അറസ്റ്റ് ചെയ്യാം. സ്വന്തം ജാമ്യത്തിലാണ് പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചത്.
കുന്നുകുഴി വാർഡ് കൗണ്‍സിലർ മോനി ശേഖർ, ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസർമാരായിരുന്ന എം.ബി.ഷെഫിൻ, പ്രവീണ്‍ രാജ്, പട്ടം കോ ഓപ്പറേറ്റീവ് ബാങ്ക് മാനേജർ സോണി, തിരുവനന്തപുരം നഗരസഭയിലെ എസ്സി-എസ്ടി പ്രമോട്ടറായിരുന്ന സിന്ധു, സഹായി അജിത,
ഇടനിലക്കാരായി പ്രവർത്തിച്ച മണക്കാട് സ്വദേശി ശ്രീകുമാർ, കഴക്കൂട്ടം സ്വദേശി സുരേഷ് ബാബു, കോവളം സ്വദേശി അനിരുദ്ധൻ, തിരുവല്ലം സ്വദേശിനി ബിന്ദു, ബാലരാമപുരം സ്വദേശിനി അശ്വതി, മുട്ടയ്ക്കാട് സ്വദേശിനി അശ്വതി, കല്ലിയൂർ സ്വദേശി വിഷ്ണു എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്.
2020-21 സാന്പത്തിക വർഷം സംരംഭം തുടങ്ങുന്നതിന് പട്ടിക ജാതി-വർഗ വിഭാഗം വനിതകൾക്ക് 1.26 കോടി രൂപയും ബിപിഎൽ വിഭാഗം വനിതകൾ ക്ക് 1.14 കോടിയും സബ്സിഡി വായ്പയായി അനുവദിച്ച തുകയുടെ സബ്സിഡി തുകയിൽ തട്ടിപ്പു നടത്തിയെന്നാണു കേസ്.
കോണ്‍ഗ്രസ്-ബിജെപി കൗണ്‍സിലർമാരുടെ പങ്ക് അന്വേഷിക്കണമെന്ന് സിപിഎം
തിരുവനന്തപുരം : കോർപറേഷനിലെ എസ്സി-എസ്ടി ഫണ്ട് തട്ടിപ്പിൽ കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും കൗണ്‍സിലർമാരുടെ പങ്കുകൂടി അന്വേഷിക്കണമെന്നു സിപിഎം ജില്ലാ സെക്രട്ടറി വി.ജോയി.
അഴിമതി നടന്നതു പ്രതിപക്ഷ കൗണ്‍സിലർമാരുടെ വാർഡുകളിലാണ്. ഇവരുടെ സഹായം ഇടനിലക്കാർക്കു കിട്ടിയിട്ടുണ്ടെന്നു വ്യക്തം. അഴിമതിക്കു പിന്നിൽ വലിയ സംഘം പ്രവർത്തിച്ചിട്ടുണ്ട്. സ്വന്തം അഴിമതി മറച്ചുവയ്ക്കാനാണ് എൽഡിഎഫ് ഭരണസമിതിക്കെതിരേ ബിജെപിയും കോണ്‍ഗ്രസും നിരന്തരം സമരവും അക്രമവും നടത്തിയിരുന്നത് എന്നാണ് ഇപ്പോൾ വ്യക്തമാകുന്നതെന്നും വി.ജോയി പത്രസമ്മേളനത്തിൽ പറഞ്ഞു.
കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറലിന്റെ റിപ്പോർട്ടിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് മേയർ ആര്യ രാജേന്ദ്രൻ പോലീസിൽ പരാതി നൽകിയത്. തുടർന്നു ജീവനക്കാരൻ പ്രവീണ്‍ രാജ്, എസ്സി പ്രൊമോട്ടർ സിന്ധു, സഹായി അജിത എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അഴിമതിക്കു നേതൃത്വം നൽകിയതു കോണ്‍ഗ്രസിന്റെ മുൻ കൗണ്‍സിലറായിരുന്ന മോനി ശേഖറും യുഡിഎഫ് ഭരിക്കുന്ന പട്ടം സർവീസ് സഹകരണ ബാങ്കിന്റെ മാനേജർ സോണിയുമാണ്.
പട്ടം സഹകരണ ബാങ്ക് വഴി സിന്ധു ആരംഭിച്ച അശ്വതി സപ്ലൈയേഴ്സ് എന്ന വ്യാജ സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്കും അവിടെനിന്നു മറ്റ് ഇടനിലക്കാരുടെ അക്കൗണ്ടിലേക്കും പണം മാറ്റുകയായിരുന്നു.
ദളിത് കോണ്‍ഗ്രസിന്റെ സംസ്ഥാന സെക്രട്ടറി അനിരുദ്ധനും കേസിൽ അറസ്റ്റിലായിട്ടുണ്ട്. അനിരുദ്ധന്റെ മകൾ അജിത കോണ്‍ഗ്രസ് നേതാവും മുൻ എസ്സി പ്രൊമോട്ടറുമായിരുന്നു. ഇടനിലക്കാരായി പ്രവർത്തിച്ച പലരും കോണ്‍ഗ്രസ് അനുഭാവികളും പ്രവർത്തകരുമാണെന്നും ജോയി പറഞ്ഞു.