പരാതികള്‍ അവഗണിച്ചു; തിട്ടമംഗലത്തെ ക്ഷീരസംഘം കെട്ടിടം നിലംപൊത്തി
1580754
Saturday, August 2, 2025 6:51 AM IST
പേരൂര്‍ക്കട: പരാതികള്‍ അധികൃതര്‍ അവഗണിച്ചതോടെ വട്ടിയൂര്‍ക്കാവ് തിട്ടമംഗലത്തെ ക്ഷീരസംഘം കെട്ടിടം പൂര്‍ണ്ണമായും നിലംപൊത്തി. ഇന്നലെയുണ്ടായ ശക്തമായ മഴയിലും കാറ്റിലുമാണ് പ്രവര്‍ത്തനം നിലച്ച ക്ഷീരസംഘം കെട്ടിടത്തിന്റെ മേല്‍ക്കൂര ഉള്‍പ്പെടെ ഇടിഞ്ഞു താഴേക്കു വീണത്. പതിറ്റാണ്ടുകള്‍ക്കു മുമ്പ് പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് അടച്ചുപൂട്ടുകയും ചെയ്ത സ്ഥാപനമാണ് ക്ഷീരവ്യവസായ സംഘം.
ക്ഷീരകര്‍ഷകരില്‍ നിന്നു പാല് ശേഖരിച്ച് വിതരണം ചെയ്യുന്ന ഒരു ഔട്ട്ലെറ്റാണ് ഇവിടെയുണ്ടായിരുന്നത്. വര്‍ഷങ്ങളായി കെട്ടിടം ഉപയോഗിക്കാതെ കിടന്നതോടെ സാമൂഹികവിരുദ്ധരുടെ താവളമായി മാറിയിരുന്നു. മാസങ്ങള്‍ക്കു മുമ്പ് ഹരിതകര്‍മ്മ സേന സംഭരിക്കുന്ന പ്ലാസ്റ്റിക്കുകളും മറ്റും ചാക്കുകെട്ടുകളിലാക്കി സംഭരിക്കുന്നതിനുള്ള ഒരു ഇടമായി ഇവിടം മാറിയിരുന്നു.
കഴിഞ്ഞ ജൂണ്‍ 26-ന് കെട്ടിടത്തിന്റെ തകര്‍ച്ചയിലായിരുന്ന ഒരുഭാഗം ഇടിഞ്ഞുവീണ് സമീപത്തു പാര്‍ക്ക് ചെയ്തിരുന്ന മൂന്നു ബൈക്കുകളും രണ്ടു സ്കൂട്ടറുകളും തകര്‍ന്നിരുന്നു. കെട്ടിടത്തിനു സമീപത്തുകൂടി നടന്നുപോയ രണ്ടു വയോധികര്‍ കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലര്‍ ഉള്‍പ്പെടെ നിരവധിപേര്‍ പരാതി നല്‍കിയിരുന്നതാണ്. എന്നാൽ കെട്ടിടത്തിന്റെ അവശേഷിക്കുന്ന ഭാഗം പൊളിച്ചുനീക്കാന്‍ അധികൃതര്‍ തയാറായില്ല.