ഓണം സ്പെഷല്‍ ഡ്രൈവിന് ജീവനക്കാരില്ലാതെ എക്സൈസ്
1580747
Saturday, August 2, 2025 6:39 AM IST
നെയ്യാറ്റിൻകര: ഓണം സീസണോട് അനുബന്ധിച്ചുള്ള ലഹരി പദാര്‍ഥങ്ങളുടെ കടത്തും വില്‍പ്പനയുമൊക്കെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ എക്സൈസ് നടത്തുന്ന ഓണം സ്പെഷല്‍ ഡ്രൈവ് നാലിന് ആരംഭിക്കും.
സെപ്തംബര്‍ എട്ടുവരെയുള്ള ഡ്രൈവിന്റെ ഭാഗമായി നെയ്യാറ്റിന്‍കര എക്സൈസ് റേഞ്ചുകളുടെ പരിധിയിലെ ചെക്പോസ്റ്റുകളില്‍ അയല്‍ ജില്ലകളില്‍ നിന്നുള്ള ജീവനക്കാരെയാണ് വിന്യസിക്കുക. അതേ സമയം, ആവശ്യത്തിനു ജീവനക്കാരില്ലാത്തത് എക്സൈസിന് കനത്ത വെല്ലുവിളിയാകുന്നു.
തമിഴ്നാട് സംസ്ഥാനവുമായി കേരളം അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങള്‍ അടക്കം നെയ്യാറ്റിന്‍കര എക്സൈസ് സര്‍ക്കിളിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. നെയ്യാറ്റിന്‍കര, അമരവിള, തിരുപുറം, കാട്ടാക്കട എന്നീ റേഞ്ചുകളും അമരവിളയിലെ മേജര്‍ ചെക്പോസ്റ്റ് കൂടാതെ 11 ചെക്പോസ്റ്റുകളും സര്‍ക്കിളിന്റെ കീഴിലുണ്ട്.
ഇക്കൂട്ടത്തില്‍ സുരക്ഷിതമായ സ്വന്തം ചെക്പോസ്റ്റ് കെട്ടിടം അമരവിളയിലേതുമാത്രം. ആറ്റുപുറം, കള്ളിക്കാട്, മണ്ഡപത്തിന്‍കടവ്, പെരുങ്കടവിള, പെരുന്പഴുതൂര്‍, അറക്കുന്ന് കടവ്, പാലക്കടവ്, പിരായുംമൂട്, മാവിളക്കടവ്, മൂന്നാറ്റുമുക്ക് എന്നിവിടങ്ങളിലെ ചെക്പോസ്റ്റുകള്ക്കു പുറമേ അതിര്‍ത്തി പ്രദേശമായ ചെങ്കവിളയിലും ജാഗ്രതയോടെ എക്സൈസ് രംഗത്തുണ്ട്.
അയല്‍സംസ്ഥാനങ്ങളില്‍ നിന്നുള്ള ടൂറിസ്റ്റ് ബസുകള്‍ പുലര്‍ച്ചെ മുതലാണ് നെയ്യാറ്റിന്‍കര ഭാഗത്തു കൂടി തിരുവനന്തപുരത്തേക്കു വരുന്നത്. ഒന്നിനു പിറകെ ഒന്നായി ബസുകള്‍ എത്തുന്പോള്‍ അമരവിള എക്സൈസ് ചെക്പോസ്റ്റില്‍ പരിശോധന പതിവാണ്. ടൂറിസ്റ്റ് ബസുകളിലും ലഹരി പദാര്‍ഥങ്ങളുമായി ഒട്ടേറെ പേര് എക്സൈസ് പിടിയിലായിട്ടുമുണ്ട്.
നാല്‍പ്പതോളം യാത്രക്കാരുള്ള ടൂറിസ്റ്റ് ബസുകള്‍ പരിശോധിച്ച് പൂര്‍ത്തിയാക്കാന്‍ കുറഞ്ഞത് അര മണിക്കൂറെങ്കിലും വേണം. ഇത്തരം പരിശോധനകള്‍ അനാവശ്യമാണെന്ന ആക്ഷേപം പല യാത്രക്കാരും ഉയര്‍ത്താറുമുണ്ട്.
എന്നാല്‍ പരാതികള്‍ പരിഗണിക്കാതെ എക്സൈസ് ജീവനക്കാര്‍ തങ്ങളുടെ കടമ ചെയ്യാറുണ്ടെന്നതും വാസ്തവം. ഒരേ സമയം ഒന്നിലേറെ ടൂറിസ്റ്റ് ബസുകള്‍ ചെക്പോസ്റ്റിലെത്തുന്പോള് ആവശ്യത്തിന് ജീവനക്കാരില്ലായെന്നത് എക്സൈസിന് തലവേദനയാണ്.