മുതലപ്പൊഴി : 177 കോടിയുടെ നവീകരണ പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
1580482
Friday, August 1, 2025 6:46 AM IST
തിരുവനന്തപുരം: മുതലപ്പൊഴി മത്സ്യബന്ധന തുറമുഖത്തിന്റെ 177 കോടി രൂപയുടെ സമഗ്ര വികസന പദ്ധതിയുടെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിച്ചു. മത്സ്യത്തൊഴിലാളികളുടെ സുരക്ഷയും പ്രദേശത്തിന്റെ വികസനവും ലക്ഷ്യമിട്ടാണ് പദ്ധതി രൂപീകരിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പഠനങ്ങളുടെ അടിസ്ഥാനത്തിലാണ് തുറമുഖ നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമിടുന്നത്.
മുതലപ്പൊഴി മൽസ്യബന്ധന തുറമുഖത്തിന്റെയും പ്രദേശത്തിന്റെ ആകെയും വികസനത്തിന് കരുത്തു പകരുന്നതാകും പദ്ധതി. മൊത്തം 177 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയുക്ത പങ്കളിത്തത്തോടു കൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പുലിമുട്ടുകളുടെ നീളം വർധിപ്പിക്കൽ, പുലിമുട്ടുകളുടെ അറ്റകുറ്റപ്പണികൾ, ഡ്രെഡ്ജിംഗ് തുടങ്ങിയ കാര്യങ്ങൾ നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. മറ്റ് അടിസ്ഥാന സൗകര്യ വികസന പദ്ധതികളും ഇതിന്റെ ഭാഗമായി നടപ്പാക്കും. അതോടൊപ്പം മത്സ്യത്തൊഴിലാളികൾക്ക് ആവശ്യമായ ആധുനിക അടിസ്ഥാന സൗകര്യങ്ങളും സുരക്ഷയും ഒരുക്കും. മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥി ആയിരുന്നു.