വീട്ടമ്മയുടെ സ്വർണവും പണവും മോഷ്ടിച്ച സ്ത്രീ പിടിയിൽ
1580739
Saturday, August 2, 2025 6:39 AM IST
കാട്ടാക്കട: കാട്ടാക്കട ചന്തയിൽ സാധനം വാങ്ങാനെത്തിയ വീട്ടമ്മയുടെ സ്വർണവും പണവും അടങ്ങുന്ന സഞ്ചി മോഷ്ടിച്ച നെടുമങ്ങാട് സ്വദേശിനിയെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വേട്ടംപള്ളി നഗറിൽ ശ്യാമള(65)യെയാണ് അറസ്റ്റ് ചെയ്തത്.
കിള്ളി സ്വദേശി യഹിയ കഴിഞ്ഞദിവസം ചന്തയിൽനിന്ന് സാധനങ്ങൾ വാങ്ങുന്ന തിരക്കിനിടെയാണ് തന്ത്രപരമായി ശ്യാമള സ്വർണവും പണവും അടങ്ങുന്ന കവർ തട്ടിയെടുത്തത്.വീട്ടിലേക്കു പോകാൻ തുടങ്ങുമ്പോഴാണ് കവർ കാണാനില്ലെന്ന് വീട്ടമ്മ അറിയുന്നതും കാട്ടാക്കട പോലീസിൽ പരാതി നൽകിയതും.
മൂന്ന് പവൻ തൂക്കംവരുന്ന മാല, രണ്ട് ഗ്രാമിന്റെ ലോക്കറ്റ്, നാല് ഗ്രാമിന്റെ മോതിരം, 7,000 രൂപ, ബാങ്ക് എടിഎം കാർഡ്, രേഖകൾ എന്നിവയാണ് കവറിൽ ഉണ്ടായിരുന്നത്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ശ്യാമള കവർ കൈക്കലാക്കിയതും പുറത്തിറങ്ങി ഓട്ടോറിക്ഷയിൽ കയറിപ്പോകുന്നതും കണ്ടെത്തിയത്.
പിന്നാലെ നടത്തിയ അന്വേഷണത്തിൽ മോഷണശേഷം ഇവർ നെടുമങ്ങാട് ബസിൽ കയറിപ്പോയതായും വിവരംകിട്ടി. നെടുമങ്ങാട് പോലീസുമായി ബന്ധപ്പെട്ടപ്പോൾ ഇവർ മുൻപും മോഷണക്കേസുകളിൽ ഉൾപ്പെട്ടിട്ടുണ്ടെന്ന് വ്യക്തമായതോടെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നു.
മോഷണമുതലിന്റെ കുറച്ചുഭാഗം കണ്ടെത്തിയതായി പോലീസ് പറഞ്ഞു. പ്രതിയെ റിമാൻഡ് ചെയ്തു.