വിഴിഞ്ഞത്ത് പരപ്പാൻ ക്ലാത്തി ചാകര
1580486
Friday, August 1, 2025 6:46 AM IST
വിഴിഞ്ഞം: ട്രോളിംഗ് നിരോധനത്തിന്റെ അവസാന ദിനത്തിൽ വിഴിഞ്ഞത്ത് നിന്ന് വള്ളമിറക്കിയ മത്സ്യത്തൊഴിലാളികളെ കടലമ്മ കനിഞ്ഞനുഗ്രഹിച്ചു. മരപ്പാൻ പരപ്പാൻ ക്ലാത്തി ചാകരയായിരുന്നു ഇന്നലെ തീരത്ത്. നൂറ് കണക്കിന് വള്ളങ്ങളിലായി തീരത്തണഞ്ഞത് ടൺ കണക്കിന് ക്ലാത്തിയും .
അടുത്ത കാലത്ത് കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ ചാകര ദിനത്തിനാണ് ഇന്നലെ വിഴിഞ്ഞം തീരം വഴിമാറിയത്. ഒന്നര കിലോയോളം തൂക്കമുള്ള ക്ലാത്തി ഒന്നിന് രാവിലെ 220 രൂപ വരെ ഉണ്ടായിരുന്നെങ്കിലും ഉച്ചക്ക് ശേഷം മീൻ നിറച്ചുള്ള വള്ളങ്ങളുടെ വരവ് കൂടിയ തോടെ 160 രൂപയായി ഇടിഞ്ഞു.
കയറ്റുമതിക്കായി വിഴിഞ്ഞത്തെ കമ്പനികൾ മത്സരിച്ച് മീൻ വാങ്ങിക്കുട്ടി യെങ്കിലും വിലയിൽ മാറ്റമുണ്ടായില്ല.നാട്ടുകാർക്ക് വേണ്ടെങ്കിലും ചൈനക്കാരുടെ ഇഷ്ട ഭോജനമായ ക്ലാത്തി ഇന്നും നാളെയുമായി കടൽ കടക്കും. രുചി ഭേദമില്ലെങ്കിലും കേരളത്ത്കാർക്ക് അത്ര കണ്ട് ഇഷ്ടമില്ലാത്ത മീൻ വിദേശ ഡിമാൻഡിനനുസരിച്ചുള്ള വിലയുള്ളതാണ് മീൻ പിടിത്തക്കാരുടെ നേട്ടവും.
കാലാവസ്ഥാ മുന്നറിയിപ്പുകളും കാലം തെറ്റിയുള്ള കാറ്റും കോളും സീസന്റെ തുടക്കം മുതൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് തിരിച്ചടി നൽകിയിരുന്നു. എന്നാൽ മറ്റ് തരം മീനുകൾ തേടി വിഴിഞ്ഞത്തെത്തിയ നൂറ് കണക്കിന് ആൾക്കാർ നിരാശയോടെ മടങ്ങി.