പുല്ലാങ്കുഴലില്‍ ആത്മാവ് തേടുന്ന മായാ സുബ്രഹ്മണിക്ക് നാളെ അരങ്ങേറ്റം
1580741
Saturday, August 2, 2025 6:39 AM IST
എസ്. മഞ്ജുളാദേവി
തിരുവനന്തപുരം: അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന മായ സുബ്രഹ്മണിയുടെ പുല്ലാങ്കുഴൽ സപര്യക്ക് നാളെ തിരുവനന്തപുരത്ത് സാക്ഷാത്കാരമാകും. കാലിഫോര്‍ണിയയിലെ ഫ്രീമോണ്ടിലെ വീടിനു സമീപമുള്ള ഒരു സ്റ്റുഡിയോയില്‍ പിയാനോ പഠിച്ച് കൊണ്ടിരുന്ന മായാ സുബ്രഹ്മണി എന്ന എട്ടു വയസുകാരിയുടെ കാതുകളിലേക്കു ഓടക്കുഴലിന്റെ നാദം ഒഴുകി വന്നത് തികച്ചും യാദൃച്ഛികമായിരുന്നു.
താൻപോലുമറിയാതെ പുല്ലാങ്കുഴലിന്റെ മായാനാദ ലോകത്തേയ്ക്കുള്ള യാത്ര തുടങ്ങുകയായിരുന്നു മായാ സുബ്രഹ്മണി. കര്‍ണാടക സംഗീതവും പിയാനോ, ക്ലാരനറ്റ് ഉള്‍പ്പെടെയുള്ള പാശ്ചാത്യ സംഗീതവും കുട്ടിക്കാലം മുതല്‍ തന്നെ അഭ്യസിച്ചിരുന്നുവെങ്കിലും ഓടക്കുഴൽ നാദം ജീവിതത്തില്‍ അന്ന് ആദ്യം കേള്‍ക്കുകയായിരുന്നു.
ഓടക്കുഴലിന്റെ സുഷിരങ്ങളിലൂടെ വന്ന ആ സംഗീതം മറക്കുവാന്‍ കൊച്ചുമായയ്ക്ക് കഴിഞ്ഞതേയില്ല. മകളുടെ ആഗ്രഹം മനസിലാക്കിയ അമ്മ സരസ്വതി പാശ്ചാത്യ ഓടക്കുഴല്‍ ക്ലാസില്‍ മായയെ ചേര്‍ക്കുകയും ചെയ്തു. പിന്നീട് പുല്ലാങ്കുഴല്‍ വിദ്വാനായ ജെ. എ. ജയന്ത് എന്ന ഗുരുനാഥനിലെത്തുകയായിരുന്നു.
എട്ടുവയസുമാത്രമുള്ള ശിഷ്യയുടെ സിദ്ധി തിരിച്ചറിഞ്ഞ ഗുരു പുല്ലാങ്കുഴലിന്റെ അഭൗമലോകത്തേയ്ക്കുള്ള ജാലകം തുറക്കുകയും ചെയ്തു. അമേരിക്കയില്‍ ജനിച്ച് വളര്‍ന്ന മായ സുബ്രഹ്മണി പുല്ലാങ്കുഴലില്‍ ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുമ്പോള്‍ നര്‍ത്തകി കൂടിയായ അമ്മ സരസ്വതി കൈത്താളവുമായി ഒപ്പമുണ്ടായിരുന്നു. പിന്നീട് ഏഴുകടലുകളുടെ ദൂരമോ, സാങ്കേതിക പ്രയാസങ്ങളോ ഒന്നും മായ അറിഞ്ഞതെയില്ല. ആ ഓടക്കുഴല്‍ പഠനത്തിനു നാളെ അനന്തപുരിയില്‍ സാക്ഷാത്കാരമാകും.
ശ്രീവരാഹം ചെമ്പൈ സ്മാരക ഹാളില്‍ നാളെ വൈകുന്നേരം ആറിനു മായാ സുബ്രഹ്മണിയുടെ അരങ്ങേറ്റം നടക്കും. അമേരിക്കയിലും ഇന്ത്യയിലെ പല വേദികളിലും പുല്ലാങ്കുഴല്‍ കച്ചേരി നടത്തിയിട്ടുണ്ടെങ്കിലും ഔപചാരികമായ അരങ്ങേറ്റം അച്ഛനമ്മമാരുടെ നാടായ തിരുവനന്തപുരത്ത് തന്നെ വേണമെന്ന ആഗ്രഹത്തിന്റെ പൂര്‍ത്തീകരണമാണ് നാളെ നടക്കുന്നത്. കാലിഫോര്‍ണിയയില്‍ ബിരുദപഠനത്തിനു തയാറെടുക്കുകയാണ് മായ. അച്ഛന് കാലിഫോര്‍ണിയയില്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയറായ സുബ്രഹ്മണിയും എല്ലാ പിന്തുണയുമായി ഒപ്പമുണ്ട്.