സംസ്കരണത്തിന്റെ ആദ്യപടി മാലിന്യം വേര്‍തിരിക്കുന്നത്: ജില്ലാ കളക്ടര്‍
1580495
Friday, August 1, 2025 6:59 AM IST
പേരൂര്‍ക്കട: മാലിന്യം ശരിയാംവണ്ണം വേര്‍തിരിക്കുന്നതാണ് മാലിന്യസംസ്കരണത്തിന്റെ ആദ്യപടിയെന്നു ജില്ലാ കളക്ടര്‍ അനുകുമാരി. തൈക്കാട് മോഡല്‍ ബോയ്സ് ഹൈസ്കൂളില്‍ ഗ്രീന്‍ ചാമ്പ്സ് ഇങ്ക് ഷിഫ്റ്റ് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അവര്‍.
ഒറ്റത്തവണ പ്ലാസ്റ്റിക്കിന്റെ ഉപയോഗം പരമാവധി കുറയ്ക്കുകയും പ്രകൃതിയുടെ പുനരുജ്ജീവനത്തിനായി ലളിത ജീവിതം നയിക്കാന്‍ ഓരോരുത്തരും തയാറാവുകയും വേണം. ഇതിലൂടെ ഒരു ഗ്രീന്‍ ചാമ്പ്യനെ വളര്‍ത്തിയെടുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്നും കളക്ടര്‍ കൂട്ടിച്ചേര്‍ത്തു.
കുട്ടികള്‍ക്കായി ബോധവത്കരണ ക്ലാസ് ഉണ്ടായിരുന്നു. ഡിഡിഇ ശ്രീജ ഗോപിനാഥ് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് കളക്ടര്‍ ശിവശക്തിവേല്‍, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.വി. പ്രമോദ്, ശുചിത്വമിഷന് പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.